ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ നാണംകെടുത്തിയാണ് ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ജയിച്ചുകയറിയത്. പൊരുതാന്‍ പോലുമാവാതെ ജോസ് ബട്‌ലറും സംഘവും മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ടിനു മാത്രമല്ല ചിരവൈരികളായ പാകിസ്താനും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഐസിസിയുടെ ഏകദിന റാങ്കിങിലായിരുന്നു ഇത്.
ഓവല്‍ ഏകദിനത്തില്‍ പത്തു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. പേസര്‍മാരുടെ മാജിക്കല്‍ പ്രകടനമായിരുന്നു വിജയത്തിനു അടിത്തറയിട്ടത്. ജസ്പ്രീത് ബുംറ കരിയര്‍ ബെസ്റ്റ് പ്രകടനം ഈ കളിയില്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു.
ഐസിസിയുടെ ഏകദിന ടീം റാങ്കിങിലും ഈ വിജയം ഇന്ത്യയെ മുന്നേറാന്‍ സഹായിച്ചിരിക്കുകയാണ്. നേരത്തേ നാലാംസ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം കയറി മൂന്നാം റാങ്കിലേക്കു വന്നിരിക്കുകയാണ്. നേരത്തേ മൂന്നാംസ്ഥാനത്തിരുന്ന പാകിസ്താനു ഇതോടെ നാലാംറാങ്കിലേക്കു ഇറങ്ങേണ്ടി വരികയും ചെയ്തു. 108 പോയിന്റോടെയാണ് ഇന്ത്യ പുതിയ മൂന്നാം സ്ഥാനക്കാരായി മാറിയത്. രണ്ടു പോയിന്റ് പിറകിലാണ് പാകിസ്താന്‍. ന്യൂസിലാന്‍ഡാണ് നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ ടീം. അവര്‍ക്കു 126 പോയിന്റുണ്ട്. രണ്ടാമത് ഇംഗ്ലണ്ടാണ്. അവരുടെ സമ്പാദ്യം 122 പോയിന്റുമാണ്.
ഏകദിന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇംഗ്ലണ്ടിനുമേല്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ ജയം ആഘോഷിച്ചത്. ആറു വിക്കറ്റുകളുമായി നിറഞ്ഞാടിയ ജസ്പ്രീത് ബുംറയായിരുന്നു ഇംഗ്ലണ്ടിന്റെ അന്തകനായത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹം ആറു പേരെ പുറത്താക്കിയത്.
ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. കൂടാതെ ഇംഗ്ലണ്ടില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആറു വിക്കറ്റുകളെടുത്തിരിക്കുന്നത്. ബുംറയും പേസ് പങ്കാളിയായ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തീര്‍ത്തത്. ഷമി മൂന്നു വിക്കറ്റുകള്‍ നേടിയിരുന്നു.