അടിയിലൂടെ തുരങ്കം; റോഡ്, റെയിൽ പാത: രാജ്യത്ത് ഇതാദ്യം

0
346

ന്യൂഡൽഹി: അസമിലെ ബ്രഹ്മപുത്ര നദിക്കടിയിൽ കൂടി തന്ത്രപ്രധാനമായ തുരങ്കപാത നിർമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസമിനേയും അരുണാചൽ പ്രദേശിനേയും ബന്ധിപ്പിച്ച് റോഡും റെയിൽ പാതയും ഉൾപ്പെടുന്ന പ്രത്യേക തുരങ്കം നിർമിക്കാനാണ് പദ്ധതി. വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാതയ്ക്ക് ഏകദേശം 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബോഡർ റോഡ് ഓർഗനൈനേഷനുമായി (ബിആർഒ) ചേർന്നാണ് പദ്ധതിയുടെ ആസൂത്രണമെന്ന് കേന്ദ്ര റെയിൽവേ, ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബ്രഹ്മപുത്രയ്ക്ക് കുറുകെ വെള്ളത്തിനടയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിർമിക്കുക. ഇതിൽ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിൻ ഗതാഗതത്തിനുമാണ്. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങൾക്കായി മാറ്റിവയ്ക്കും. പ്രത്യേക ഇടനാഴിയിലൂടെ ഇവമൂന്നും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.

പൊതുജനങ്ങൾക്കും സൈനിക ആവശ്യങ്ങളും ലക്ഷ്യമിട്ടുള്ളതാണ് തുരങ്കപാത. അസമിലെ തെസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്നത് വരെയുള്ള ഭാഗത്ത് തുരങ്കം നിർമിക്കാനാണ് പദ്ധതി. 9.8 കിലോമീറ്റർ നീളമാണ് തുരങ്കത്തിനുണ്ടാവുക. നദിയുടെ അടിത്തട്ടിൽ നിന്ന് 20 മുതൽ 30 മീറ്റർ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമായും അരുണാചൽ അതിർത്തിയിലെ ചൈനീസ് വെല്ലുവിളി മറികടക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയുടെ തുരങ്ക നിർമാണം. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ അടിയന്തര ഘട്ടങ്ങളിൽ അതിർത്തിയിലേക്ക് എളുപ്പത്തിൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് ഈ തുരങ്കപാതയെന്ന് റെയിൽവേ മന്ത്രാലയ യോഗത്തിന്റെ മിനിറ്റ്സിലും വ്യക്തമാക്കുന്നു.

അരുണാചൽ അതിർത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ചൈനീസ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകും. ഇത് മുന്നിൽ കണ്ടാണ് തുരങ്ക പാത നിർമിക്കാനുള്ള ആലോചന കേന്ദ്രം തുടങ്ങിയത്. അരുണാചൽ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here