ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്‍സയച്ച് സിബിഐ. ഏപ്രില്‍ 16ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇതിന് പിന്നാലെ സ്വേച്ഛാധിപത്യത്തിന് തീര്‍ച്ചയായും അന്ത്യമുണ്ടാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ പ്രതികരണം. പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗാണ് സിബിഐ നടപടിയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ഫെബ്രുവരിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ എട്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 477 എ (വഞ്ചിക്കാനുള്ള ഉദ്ദേശ്യം), അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ പ്രകാരമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
പുതിയ എക്സൈസ് നയം സ്വകാര്യ മദ്യവില്‍പ്പനക്കാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് ഓഗസ്റ്റില്‍ ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. മനീഷ് സിസോദിയയുടെ വീടും റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.