പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11 ജീവനക്കാർ നിരീക്ഷണത്തിലാണ്. തീരദേശ മൂന്നാം സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് പൂവാർ. മൂന്നാം തീരദേശ സോണിൽ പെടുന്ന കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിൽ നേരത്തെ തന്നെ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ നിലവിലുള്ളത്. ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് പോസിറ്റീവായത്. അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. പക്ഷെ പരിശോധനകളുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ല.തിരുവനന്തപുരം മേനംകുളം കിൻഫ്രെയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരിലാണ് ഇന്ന് ആന്റിജൻ പരിശോധന നടത്തിയത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ സർജറി വാർഡിൽ രണ്ട് രോഗികൾക്കും നാല് കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരപരിധിയിൽ 22 ദിവസമായി ലോക്ഡൗണാണ്. കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ തീരദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും. നിയന്ത്രണങ്ങൾ തുടരുമ്പോഴും രോഗവ്യാപനത്തിന് കുറവുണ്ടാകുന്നുമില്ല. മാത്രമല്ല നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന വിലയിരുത്തലുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകൾ വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശ ചെയ്തത്. ഹോട്ടലുകളിൽ പാർസൽ അനുവദിക്കണം. കെഎസ്ആർടിസി ഓട്ടോ ടാക്സി ഉൾപ്പടെ പൊതുഗതാഗതസംവിധാനം തുടങ്ങണം എന്നീ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.