കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ 28ന് പകൽ രണ്ടുമുതൽ ആരംഭിക്കും. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.
മാനേജ്മെന്റ്, കമ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി -സ്പോർട്സ്- കൾച്ചറൽ ക്വാട്ടയിലേക്ക് പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടത്തും. എസ് സി, എസ്ടി വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം ക്യാപ് വെബ്സൈറ്റിൽ(www.cap.mgu.ac.in) ലഭ്യമാണ്.