ഇന്ദ്രപ്രസ്ഥത്തിൽ, റെയ്സിന കുന്നിലെ മഹാമന്ദിരത്തിലെ രാഷ്ട്രപതിക്കസേരയിൽ ഇനി പുതിയൊരു വനിത- ദ്രൗപദി മുർമു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ, ഗോത്രവിഭാഗത്തിൽ നിന്നുമൊരാൾ രാജ്യത്തിന്റെ ശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നു. പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതിക്കസേരയിലെത്തുന്ന വനിത. ഇവിടംകൊണ്ട് തീരുന്നില്ല ദ്രൗപദി മുർമുവിന്റെ വിശേഷണങ്ങൾ.
1958-ൽ ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ മയൂർഭഞ്ചിൽ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിക്കസേരവരെയെത്താൻ ദ്രൗപദി മുർമുവിന് താണ്ടേണ്ടിവന്ന ദൂരം ചെറുതല്ല. മയൂർഭഞ്ജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സന്താലി ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. മയൂർഭഞ്ജ് അന്ന് വികസനം എത്തിനോക്കാത്ത ഒരു ജില്ലയായിരുന്നു. ആദിവാസി ഗോത്ര കുടുംബത്തിൽ ജനിച്ച ദ്രൗപദിക്ക് ആദ്യം പൊരുതേണ്ടിവന്നത് പട്ടിണിയോടായിരുന്നു. അച്ഛനും മുത്തച്ഛനും ഗ്രാമമുഖ്യന്മാരായിരുന്നെങ്കിലും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ജീവിതം.