ശ്വാസകോശ അര്‍ബുദം; രോഗം തിരിച്ചറിയാൻ വൈകുന്നത് വെല്ലുവിളി, ഈ ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്.

0
99

ല്ലാവർഷവും ഓഗസ്റ്റ് 1 ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നു. രോഗത്തേക്കുറിച്ച്‌ അവബോധം പകരുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാനലക്ഷ്യം.

ലക്ഷണങ്ങള്‍ വൈകിമാത്രം പ്രത്യക്ഷപ്പെടാം എന്നതാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാനവെല്ലുവിളി. പലപ്പോഴും വൈകിയ സ്റ്റേജുകളില്‍മാത്രമാണ് രോഗം സ്ഥിരീകരിക്കാനാവുക. ഇത് മരണനിരക്കിനുള്ള സാധ്യതയും കൂട്ടും.

പുകവലിയാണ് ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമെങ്കിലും പുകവലിക്കാത്തവരിലും ഇപ്പോള്‍ രോഗം സാധാരണമായി കണ്ടുവരുന്നുണ്ട്. പാസീവ് സ്മോക്കിങ്, വായുമലനീകരണം തുടങ്ങിയവയൊക്കെയാണ് ഇതിനുള്ള പ്രധാനകാരണങ്ങള്‍.

2012-ലാണ് ശ്വാസകോശ അർബുദം സംബന്ധിച്ച അവബോധ പരത്താനുള്ള ക്യാംപയിനുകള്‍ക്ക് തുടക്കമായത്. ഫോറം ഓഫ് ഇന്റർനാഷണല്‍ റെസ്പിറേറ്ററി സൊസൈറ്റീസ്, ഇന്റർനാഷണല്‍ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലങ് കാൻസർ, അമേരിക്കൻ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് എന്നീ സംഘടനകള്‍ ചേർന്നാണ് അവബോധപരിപാടികള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിലേറെയും പുകവലിക്കാത്തവർ ആണെന്നാണ് അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായത്. ദി ലാൻസെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്‌ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ബെറ്റോസ്, ക്രോമിയം, കാഡ്മിയം, ആർസെനിക്, കല്‍ക്കരി, സെക്കൻഡ്ഹാൻഡ് സ്മോക്കിങ് തുടങ്ങിയവയാണ് ശ്വാസകോശ അർബുദം വർധിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍.

ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് ജനിതകമാണ്. ജനിതകവ്യതിയാനം പുകവലിശീലം ഇല്ലാത്തവരിലും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നുണ്ടെന്ന് മുമ്ബ് പബ്മെഡില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നുണ്ട്. ജനിതകവ്യതിയാനം മൂലം കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ട്യൂമർ ഉണ്ടാവുകയുമാണ് ഇവിടെ സംഭവിക്കുന്നത്.

ഹോർമോണ്‍ വ്യതിയാനങ്ങളും ശ്വാസകോശസംബന്ധമായി മുൻപേയുള്ള ആരോഗ്യപ്രശ്നങ്ങളുമൊക്കെ പുകവലിക്കാത്തവരിലും രോഗസാധ്യത കൂട്ടും. ഇതുകൂടാതെ ട്യൂബർകുലോസിസ് രോഗികളുടെ നിരക്ക് വർധിക്കുകയും രോഗസ്ഥിരീകരണം വൈകുന്നതും പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

പുകവലി കൂടാതെ വായുമലിനീകരണം, സെക്കന്റ്ഹാൻഡ് സ്മോക്കിങ്, കുടുംബത്തില്‍ ശ്വാസകോശാർബുദ ചരിത്രം, എച്ച്‌.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശാർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശാർബുദം മൂലമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങള്‍ / അപകട ഘടകങ്ങള്‍

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉള്‍പെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോണ്‍ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്ബര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറല്‍ അണുബാധ (എച്ച്‌.പി.വി.)

ലക്ഷണങ്ങള്‍

  • ഏറെനാള്‍ നീണ്ടു നില്‍ക്കുന്ന ചുമ
  • കഫത്തില്‍ ചോരയുടെയോ തുരുമ്ബിന്റെയും നിറം
  • ശ്വാസംമുട്ടല്‍
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം
  • ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തില്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകള്‍ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശാർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികള്‍ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താല്‍ ഒരു രോഗിക്ക് ഒന്നില്‍ കൂടുതല്‍ ചികിത്സാ വിധികള്‍ നല്‍കേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here