സൂര്യ (Suriya) നായകനാവുന്ന ചിത്രം കങ്കുവയുടെ (Kanguva movie) ടീസർ പുറത്തിറങ്ങി. വരാനിരിക്കുന്ന റിലീസായ കങ്കുവയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ സൂര്യ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ശിവ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ആക്ഷൻ നിറഞ്ഞതും തീവ്രവുമായ ദൃശ്യങ്ങളോട് ആരാധകർ ആവേശത്തോടെ പ്രതികരിച്ചു. അക്രമവും രക്തച്ചൊരിച്ചിലുമുള്ള രംഗങ്ങളാണ് ടീസറിലുടനീളം കാണാവുന്നത്.
ഒരു സൈന്യത്തെ യുദ്ധത്തിലേക്ക് നയിക്കുന്ന ഉഗ്ര യോദ്ധാവായി സൂര്യയെ കാണാം. നീളമുള്ള മുടിയും റസ്റ്റിക് ലുക്കുമാണ് ടീസറിലെ സൂര്യയുടെ ഭാവം. ഭീഷണിപ്പെടുത്തുന്ന പ്രതിനായകനെ അവതരിപ്പിക്കുന്ന ബോബി ഡിയോളിൻ്റെ കഥാപാത്രത്തിലേക്കും ടീസർ സൂചനകൾ നൽകുന്നു.
കങ്കുവയിലെ നടൻ സൂര്യയുടെ ആദ്യ ദൃശ്യം കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ 48-ാം ജന്മദിനത്തിലാണ് പുറത്തുവന്നത്. ഈ വർഷം ജനുവരിയിൽ നടൻ ബോബി ഡിയോളിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ലുക്കും കങ്കുവയുടെ ടീം പുറത്തിറക്കി.
യുവി ക്രിയേഷൻസിൻ്റെയും സ്റ്റുഡിയോ ഗ്രീനിൻ്റെയും പിന്തുണയോടെയാണ് കങ്കുവ തയ്യാറാവുന്നത്. ഛായാഗ്രാഹകൻ വെട്രി പളനിസാമി ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. മനുഷ്യ വികാരങ്ങളും ശക്തമായ പ്രകടനങ്ങളും ഇതുവരെ കാണാത്ത ആക്ഷൻ സീക്വൻസുകളും ചിത്രത്തിൻ്റെ കാതൽ ആയിരിക്കും. 10 വ്യത്യസ്‌ത ഭാഷകളിലായി 3ഡിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.