ന്യൂഡൽഹി• സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ ദ്രൗപതി മുർമു. ‘രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്‍റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.’– രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർക്കുകയാണ്. കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം അതിന്റെ ആഗോള സ്വാധീനം വർധിപ്പിച്ചു. തന്‍റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയര്‍ത്തിപ്പിടിക്കും. അടിസ്ഥാന വര്‍ഗത്തിന്‍റെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ പ്രയത്നിക്കുമെന്നും ദ്രൗപദി മുർമു പറഞ്ഞു.
തിങ്കളാഴ് രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലാണ് ദ്രൗപദി മുർമു ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി അധികാരമേറ്റത്.