കരിയറിലെ ആദ്യ പാൻ ഇന്ത്യന്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങി സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പശ്ചാത്തലമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. വിഷ്ണു വര്‍ധന്‍റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചു.
സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിന് പിന്നാലെ അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും വിജി തമ്പി പങ്കെടുത്തിരുന്നു.
നേരത്തെ പൃഥ്വിരാജിനെ നായകനാക്കി തിരുവിതാംകൂറിന്റെ പശ്ചാത്തലത്തിൽ വേലുത്തമ്പി ദളവയുടെ കഥപറയുന്ന ഒരു ചിത്രം വിജി തമ്പി പ്രഖ്യാപിച്ചിരുന്നു. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയാകുമെന്ന് വിജി തമ്പി പറഞ്ഞിരുന്നു.സിനിമയെ സംബന്ധിച്ച് 2017ലാണ് ആദ്യം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നത്. പൃഥ്വിയെ വേലുത്തമ്പി ദളവയുടെ വേഷത്തിൽ ഒരുക്കി ഒരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു.