കോഴിക്കോട് • സുപ്രീം കോടതി നിർദേശപ്രകാരം സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയാൽ ജനവാസ മേഖലയെ എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ചു വനംവകുപ്പ് പഠനം നടത്തും. വനം മേധാവി ബെന്നിച്ചൻ തോമസ് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണു തീരുമാനം. ഡിജിറ്റൽ മാപ്പുകളുടെയും തദ്ദേശ, റവന്യു വകുപ്പുകളുടെയും സാങ്കേതിക സഹായത്തോടെ വനം ആസ്ഥാനത്തെ പ്രത്യേക സംഘമായിരിക്കും പഠനം നടത്തുക. 3 മാസത്തിനകം സുപ്രീം കോടതിയിൽ ചീഫ് ൈവൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് സമർപ്പിക്കും.
പല സംരക്ഷിത പ്രദേശങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ തന്നെ ജനസാന്ദ്രത കൂടുതലായതിനാൽ പരിസ്ഥിതി ലോല പ്രദേശം ദീർഘിപ്പിക്കുന്നതിൽ നിന്നു കേരളത്തെ ഒഴിവാക്കണമെന്നു സുപ്രീംകോടതിയിൽ ആവശ്യപ്പെടാനാണ് ധാരണ.
ഉപജീവനമാർഗമായ കെട്ടിടങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും കണക്ക് വേർതിരിച്ചെടുക്കാൻ നിർദേശം ഉയർന്നെങ്കിലും അതു തള്ളി. വനം ഉദ്യോഗസ്ഥർ ഫീൽഡിൽ ചെല്ലുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയേക്കാം എന്ന അഭിപ്രായവും വന്നു. തുടർന്നാണു റിമോട്ട് സെൻസിങ് ഏജൻസി, ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നു സാറ്റലൈറ്റ് മാപ്പുകൾ ശേഖരിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള റെക്കോർഡുകളും ഈ മാപ്പുകളും സമന്വയിപ്പിച്ച് ജനസാന്ദ്രതയും കെട്ടിടങ്ങളുടെ എണ്ണവും കണ്ടെത്തും. ഭൂമി സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടെങ്കിൽ മാത്രം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ നേരിട്ടു പരിശോധനയ്ക്ക് എത്തും.
6 ദേശീയോദ്യാനങ്ങളും 18 വന്യജീവി സങ്കേതങ്ങളും ഉൾപ്പെടെ കേരളത്തിൽ ആകെ 24 സംരക്ഷിത പ്രദേശങ്ങളുണ്ട്. ഇതിൽ തർക്കമില്ലാത്ത മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ അതിർത്തികൾക്ക് അന്തിമ വിജ്ഞാപനം വന്നു.
22 സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തി വിജ്ഞാപന കരട് കേന്ദ്രത്തിനു നൽകിയിട്ടുണ്ട്.
2019 ൽ രൂപീകരിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ കരട് അതിർത്തികൾ പോലും നിർണയിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവു പ്രകാരം 23 ഇടത്തും പരിസ്ഥിതിലോല പ്രദേശം നിശ്ചയിച്ച് പഠനങ്ങൾ നടത്തണം. സുപ്രീം കോടതി വിധി സംബന്ധിച്ചു തമിഴ്നാട്, കർണാടക സർക്കാരുകളുടെ നിലപാടുകളും കേരളത്തെ ബാധിച്ചേക്കും.
സോഫ്റ്റ്്‌വെയറിന്റെയും സാറ്റലൈറ്റ് മാപ്പുകളുടെയും അടിസ്ഥാനത്തിൽ 4 തലങ്ങളിലായിട്ടാണു പഠനം.
ഒന്നാം തലം: വനം വകുപ്പിന്റെ പക്കൽ നിലവിലുള്ള സംരക്ഷിത പ്രദേശത്തിന്റെ അതിർത്തി രേഖകളായിരിക്കും അടിസ്ഥാനരേഖ. സുപ്രീം കോടതി നിർദേശപ്രകാരം നിലവിലുള്ള അതിർത്തി ഒരു കിലോമീറ്റർ കൂടി ദീർഘിപ്പിച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് രേഖപ്പെടുത്തും.
രണ്ടാം തലം: റിമോട്ട് സെൻസിങ് ഏജൻസി, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എന്നിവിടങ്ങളിലുള്ള വാർഡ്–വില്ലേജ് തല മാപ്പുകളിൽ കെട്ടിടങ്ങളുടെയും ഭൂമിയുടെയും വിശദാംശങ്ങൾ ഉണ്ടാകും. ഈ 2 മാപ്പുകൾ സമന്വയിപ്പിക്കുന്നതോടെ, ദീർഘിപ്പിച്ച ഒരു കിലോമീറ്റർ അതിർത്തിയിൽ പെടുന്ന കെട്ടിടങ്ങളും ഭൂമിയും ഏതൊക്കെ എന്നു കണ്ടെത്താം.
മൂന്നാം തലം: ദീർഘിപ്പിച്ച അതിർത്തിക്കുള്ളിലുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമകളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും.
നാലാം തലം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കങ്ങൾ ഉണ്ടെങ്കിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ നേരിട്ടെത്തി പരിശോധിക്കും.