കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തിൽ മാലദ്വീപ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു.
ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് പലായനം ചെയ്‌തെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നത് പുറത്ത് വന്ന ചില ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പടെ സമരക്കാർക്ക് പട്ടാളവും പൊലീസും വഴിമാറിക്കൊടുക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.