ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു.
ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമയായിരുന്നു. ലളിതഗാന ട്രൂപ്പായ മുസീഷ്യാനോയുടെ സ്ഥാപകനും ഗായകനുമായ എ വി രമണൻ ആണ് ഭർത്താവ്. മകൻ വിഗ്നേഷ് രമണൻ.
1977ൽ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്. ഭർത്താവ് എ.വി.രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്. നടൻ വിജയ്‌യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൊൻ മാനേ’, ‘ആനന്ദരാഗം കേൾക്കും കാലം.’ , ‘ആഹായ വെണ്ണിലാവേ തരിമീതു വന്തതേനോ..’, തുടങ്ങിയവ ഉമ പാടിയ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടിയിട്ടുണ്ട്.