ഡെറാഡൂൺ • പെരുന്നാൾ നമസ്കാരത്തിനായി (ഈദ്ഗാഹ്) ഒന്നരക്കോടി രൂപ വിലയുള്ള 80 സെന്റ് സ്ഥലം ഹിന്ദുസഹോദരിമാർ വിട്ടുനൽകി. മതവിദ്വേഷത്തിന്റെ തീപ്പൊരികൾക്കു നടുവിൽ മതസൗഹാർദത്തിന്റെ ഊഷ്മളത നിറഞ്ഞ വാർത്തയെത്തുന്നത് ഉത്തരാഖണ്ഡിലെ കാശിപുർ എന്ന ചെറുപട്ടണത്തിൽ നിന്നാണ്. നാട്ടുകാരനായ ബ്രജ്ഞാനന്ദൻ പ്രസാദ് രസ്തോഗിയുടെ അന്ത്യാഭിലാഷം പിതാവിന്റെ മരണത്തിന് 20 വർഷത്തിനു ശേഷം മക്കൾ സഫലീകരിക്കുകയായിരുന്നു.
ഈദ്ഗാഹിനായി സ്ഥലം വിട്ടുനൽകാനുള്ള സന്നദ്ധത ബ്രജ്ഞാനന്ദൻ അടുത്ത ബന്ധുക്കളെയാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇക്കാര്യം മക്കളോടു പറയുന്നതിനു മുൻപ് 2003ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബന്ധുക്കളിൽനിന്നു വിവരമറിഞ്ഞ സഹോദരിമാരായ സരോജയും അനിതയും നാട്ടിലുള്ള സഹോദരൻ രാകേഷിനെ ബന്ധപ്പെട്ടു. രാകേഷ് മുൻകൈയെടുത്ത് ഈദ്ഗാഹ് കമ്മിറ്റിയെ വിവരമറിയിച്ചു. പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കുക എന്ന മക്കളുടെ കർത്തവ്യം മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്ന് രാകേഷ് പറഞ്ഞു. മൂവരെയും ആദരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ഈദ്ഗാഹ് കമ്മിറ്റിക്കു വേണ്ടി ഹസീൻ ഖാൻ അറിയിച്ചു.