കൊച്ചി: എറണാകുളം ജില്ലയിൽ സി.പി.എമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നംമൂലമാണ് തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ ഇതേക്കുറിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മടിയാണെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം തീരുമാനിച്ചു. സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെന്നും, പ്രഖ്യാപിച്ചെന്നും പറയുകയും പിന്നീട് മതിലെഴുതുകയും അത് മായ്ക്കുകയും ചെയ്ത സംഭവങ്ങൾ വരെയുണ്ടായി. ഇതിനു കാരണം എറണാകുളം ജില്ലയിലെ സി.പി.എമ്മിനുള്ളിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. എന്നാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഒരു മാധ്യമം പോലും തയാറായില്ല.
കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഒരു മണിക്കൂർ വൈകിയാൽ, ‘കോൺഗ്രസിൽ പൊട്ടിത്തെറി’, ‘കലാപം’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുമായിരുന്നു. എന്നാൽ സി.പി.എമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാർത്ത ഒരു തരത്തിലും വന്നില്ല. സി.പി.എം സ്ഥാനാർഥി സസ്പെൻസിൽ എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. കോൺഗ്രസുകാരെ കുറിച്ചാണെങ്കിൽ നിങ്ങൾ അങ്ങനെ വാർത്ത കൊടുക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി കോൺഗ്രസ് നേതാക്കളുടെ പിന്നാലെ, മുഖ്യമന്ത്രി പറയുന്നതു പോലെ കോലുമായി മാധ്യമങ്ങൾ നടക്കുകയാണ്. അവിടെ നിന്ന് വീണു കിട്ടുന്ന എന്തെങ്കിലും പെരുപ്പിച്ച് വാർത്തയാക്കുകയാണ്. എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടിൽച്ചെന്ന് ഒരാളോട് അഭിപ്രായം ചോദിച്ച് വാർത്തയുണ്ടാക്കുകയാണ്. കോൺഗ്രസിൽ ആകെ പ്രശ്നങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ രണ്ടു വിഭാഗം ആളുകൾ തമ്മിൽ കേട്ടുകേൾവിയില്ലാത്ത വിധം തർക്കത്തിലാണെന്ന് ഇത് റിപ്പോർട്ട് ചെയ്യുന്ന എല്ലാ മാധ്യമങ്ങൾക്കും അറിയാം. എന്നിട്ട് നിങ്ങളിൽ ആരെങ്കിലും ഒരാൾ ഇത് റിപ്പോർട്ട് ചെയ്തോ? ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ടെലികാസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷെ രണ്ടു നീതിയാണ് നിങ്ങൾ എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഷയിൽ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നവരല്ല യു.ഡി.എഫ് നേതാക്കൾ. എപ്പോൾ വന്ന് ഏത് കാര്യത്തെ കുറിച്ച് ചോദിച്ചാലും ഒരു മടിയും കൂടാതെ മറുപടി നൽകുന്നത് ഞങ്ങളുടെ ദൗർബല്യമായി എടുക്കരുത്.