പ്രധാനമന്ത്രിയുടെ യോഗത്തിൽ ‘അലസനായി’ കേജ്‌രിവാൾ; മര്യാദയില്ലെന്ന് ബിജെപി

0
49

‍ന്യൂഡൽഹി• പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും ഉയർത്തി തലയ്ക്കു പിന്നിലായി കസേരയിൽ ചേർത്തുവച്ചുകൊണ്ട് അലസഭാവത്തിൽ ഇരിക്കുന്ന കേജ്‌രിവാളിന്റെ വിഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തു വിട്ടു. ‘ഡൽഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’ എന്ന ശീർഷകത്തിൽ ഡൽഹി ബിജെപി ഘടകമാണ് കേജ്‌രിവാളിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്.

തീർത്തും മര്യാദയില്ലാത്ത പെരുമാറ്റം വഴി കേജ്‌രിവാൾ സ്വയം അപഹാസ്യനാകുകയാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വിമർശിച്ചു. കേജ്‍രിവാളിനെതിരെ സ്വരം കടുപ്പിച്ച് ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡലും രംഗത്തെത്തി. ‘‘എന്ത് സംസ്‍കാരമാണ് ഇതെന്ന് എനിക്കു മനസിലാകുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു യോഗത്തിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഇയാൾക്ക് അറിയില്ലേ? നാണമില്ലാത്ത മനുഷ്യൻ’ – ജിൻഡൽ പ്രതികരിച്ചു. എങ്ങനെ പെരുമാറണമെന്ന് കേജ്‌രിവാളിനെ പഠിപ്പിക്കണമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ പറഞ്ഞു. എന്നാൽ, സംഭവത്തിൽ അരവിന്ദ് കേജ്‌രിവാളോ ആംആദ്മി പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല.

ഈ യോഗത്തിൽ ഇന്ധന നികുതി സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം രാഷ്ട്രീയ വാക്പോരിനു വഴി തുറന്നിരുന്നു. നികുതി കുറച്ചതു വഴി കർണാടകയ്ക്ക് 5000 കോടി രൂപയും ഗുജറാത്തിനു 4000 കോടിയോളം രൂപയും നഷ്ടമുണ്ടെങ്കിലും ജനക്ഷേമത്തിനുവേണ്ടി അവർ വിട്ടുവീഴ്ച ചെയ്തുവെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഈ ഉദാഹരണങ്ങൾ നിരത്തിയത്. നികുതി വരുമാനത്തിൽനിന്നു 42% കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here