ഇന്നു കേരളത്തില്‍ നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ യാത്രകളിലൊന്നാണ് മൂന്നാറിലേക്കുള്ളത്. മൂന്നാറിലേക്കുള്ള യാത്രകളുടെ യഥാര്‍ത്ഥ തുടക്കം നേര്യമംഗലത്തു നിന്നുമാണ്.
എറണാകുളം–ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് 87 വര്‍ഷം പഴക്കമുണ്ട്. 1924 ല്‍ ആരംഭിച്ച പാലത്തിന്‍റെ നിര്‍മ്മാണം പത്തുവര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ല്‍ മൂന്നാറിലെ വെള്ളത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങള്‍ എല്ലാം നഷ്‌ടമായി. തുടര്‍ന്ന് മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവനുസരിച്ച് നിര്‍മ്മിച്ചതാണ് ആലുവാ-മൂന്നാര്‍ പാതയും നേര്യമംഗലം പാലവും.
വെറുതെ കുറച്ചുനേരം വിശ്രമിക്കുവാന്‍ വണ്ടി നിര്‍ത്തിയാല്‍ പോലും അവിടെത്തന്നെ നില്‍ക്കുവാന്‍ തോന്നിപ്പിക്കുന്ന പോലുള്ള ഭംഗി ഇവിടെ കാണാം. ബസിനാണ് പോകുന്നതെങ്കില്‍ വലതുവശം ചേര്‍ന്നുള്ള സീറ്റ് തന്നെ പിടിച്ചോളൂ. കാരണം വലതുഭാഗത്തായിരിക്കും മലകളുടെയും കുന്നുകളുടെയും കാഴ്ചയുള്ളത്.
നേര്യമംഗലം കഴിഞ്ഞാല്‍ കാഴ്ചകള് തുടങ്ങുകയാണ്. പട്ടികയില്‍ ആദ്യമുള്ളത് ചീയപ്പാറ വെള്ളച്ചാട്ടമാണ്. റോഡിന്‍റെ ഇടതുഭാഗത്തായാണ് ഇതുള്ളത്. ഏഴു തട്ടുകളിലായി വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചീയപ്പാറയുടേത്. മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്‍റെ സര്‍വ്വശക്തിയും സംഭരിച്ച് താഴേക്ക് പതിക്കുന്നത്.
നീണ്ട യാത്ര ചെയ്തു വരുന്ന സഞ്ചാരികള്‍ ഇവിടെ വന്നു കുറച്ചു നേരം വിശ്രമിക്കാറുണ്ട്. പക്ഷേ, വഴിയില്‍ നിന്നു കാണുവാന്‍ മാത്രമേ സാധിക്കു. വെള്ളച്ചാട്ടത്തിന്റെ അധികം അടുത്തേയ്ക്കു പോകുവാന്‍ സാധിക്കില്ല. ഇവിടുന്നു നേരെ അടിമാലിക്കാണ് പോകുന്നത്.
അടിമാലിയില്‍ നിന്നും മുന്നോട്ട് പോകുമ്പോള്‍ കടന്നുപോകുന്ന ഇടങ്ങളിലൊന്ന് പള്ളിവാസല്‍ ആണ്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി നമുക്കെല്ലാം പരിചിതമാണല്ലോ. ഇവിടുന്ന് തിരിഞ്ഞ് ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്കു പോകാം. ചെറിയൊരു നടത്തം ആവശ്യമാണ് വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. തേയിലത്തോട്ടത്തിനുള്ളിലൂടെ വേണം നടക്കുവാന്‍. പലപ്പോഴും സഞ്ചാരികള്‍ അകലെനിന്നും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് മൂന്നാറിനു പോവുകയാണ് ചെയ്യുന്നത്. മൂന്നാറിലെത്തും മുന്‍പ് തന്നെ വഴിയില്‍ വലതുവശത്തായി ഹെഡ് വര്‍ക്സ് ഡാം കാണാം. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്കുള്ള വെള്ളമാണ് ഇവിടെയുള്ളത്.
മൂന്നാര്‍ ടൗണിനോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. മൂന്നു പുഴകള്‍ ചേരുന്ന മൂന്നാറിന് സമ്പന്നമായ ചരിത്രം നമ്മോട് പറയുവാനുണ്ട്. കന്നിയാര്‍, നല്ലതണ്ണിയാര്‍, കുട്ടിയാര്‍.. ഇതു മൂന്നും ചേര്‍ന്നു മുതിയപ്പുഴയാറാകുന്നതാണ് കാണുന്നതാണ് മൂന്നാറിലെത്തുമ്പോള്‍ നമ്മള്‍ കാണുന്നത്.
മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്നാണ് ഇവിടെ വഴി രണ്ടായി പിരിയുന്നത്. വലത്തേക്കുള്ള വഴി ഒരു പാലത്തിലൂടെയാണ് പോകുന്നത്. ഇടത്തേക്കുള്ള വഴിയില്‍ ഒരു പെട്രോള്‍ പമ്പ് കാണാം. ഈ രണ്ടു വഴികളില്‍ നിന്നാണ് മൂന്നാറിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് പോകുന്നത്പാലം കടന്ന് ഇടത്തോട്ട് പോകുന്ന വഴി വട്ടവടയിലേക്കുള്ളതാണ്. റോസ് ഡാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട എന്നിവയാണ് ഈ വഴിയിലെ പ്രധാന ഇടങ്ങള്‍.
മൂന്നാര്‍- മധുര ഹൈവേയാണ് ഈ വഴി. ദേവികുളവും ചൊക്രമുടിയും ടീ ഫാക്ടറിയും കണ്ട് ആനയിറങ്കല്‍ ഡാമും കണ്ട് തിരിച്ചുവരാം. മൂന്നാറിലെ പാലം കടക്കുന്നതിനു മുന്‍പ് ഇടത്തേയ്ക്കുള്ള വഴി കോയമ്പത്തൂരിലേക്കുള്ളതാണ്. ഇരവികുളം നാഷണല്‍ പാര്‍ക്ക്,കാന്തല്ലൂര്‍, മറയൂര്‍, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവയാണ് ഈ വഴിയിലുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി SMACTA NEWS ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ