95-ാംവയസ്സില്‍ യുകെയിലെ കിങ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി റെക്കോഡ് സ്വന്തമാക്കി റിട്ടയേര്‍ഡ് സൈക്യാട്രിസ്റ്റ്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഡോ. ഡേവിഡ് മര്‍ജോട്ട്. ആധുനിക യൂറോപ്യന്‍ ഫിലോസഫിയിലാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. 1994ല്‍ 93 വയസ്സുകാരന്‍ നേടിയ മാസ്റ്റര്‍ ബിരുദമായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്. 65 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഭാര്യയുടെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമം മറികടക്കുന്നതിന് വേണ്ടിയാണ് ബിരുദാന്തര ബിരുദം നേടാന്‍ തീരുമാനിച്ചതെന്ന് ബിരുദദാന ചടങ്ങിനിടെ മര്‍ജോട്ട് പറഞ്ഞു.
അത് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. എന്റെ ഓര്‍മശക്തിയില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍, ലോകോത്തര നിലവാരമുള്ള അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ എനിക്ക് അവസരമുണ്ടായി. വളരെ പോസിറ്റീവായ അനുഭവമായിരുന്നു അത്. പ്രായമായാലും എപ്പോഴും സ്വയം വെല്ലുവിളിക്കുന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, മെര്‍ജോട്ടിനെ ഉദ്ധരിച്ച് മിറര്‍ റിപ്പോര്‍ട്ടു ചെയ്തു.
ജീവനക്കാരും വിദ്യാര്‍ഥികളും എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. വളരെ നല്ലൊരു കോഴ്‌സായിരുന്നു അത്. ഈ ബിരുദം നേടാനും മികച്ച ഒരു സര്‍വകലാശാലയുടെ ഭാഗമാകാനും കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു, മെര്‍ജോട്ട് പറഞ്ഞു. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം വിദ്യാഭ്യാസം പുനഃരാരംഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതൊരു ചൂതാട്ടമാണെന്നും താത്പര്യമുണ്ടെങ്കില്‍ അതിനായി ഇറങ്ങിപ്പുറപ്പെടണമെന്നും 1952-ല്‍ ഡോക്ടറേറ്റ് നേടിയ മര്‍ജോട്ട് പറഞ്ഞു. ‘‘മര്‍ജോട്ട് ഇതിനോടകം തന്നെ മികച്ചൊരു കരിയര്‍ സ്വന്തമാക്കിയ ആളായതിനാല്‍ ക്ലാസിലെ ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുമായിരുന്നു’’ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സ്റ്റെല്ല സാന്‍ഫോര്‍ഡ് പറഞ്ഞു.