വോട്ടുകളെല്ലാം സർക്കാരിന് അനുകൂലം- ജയരാജൻ 

0
239

കൊച്ചി: സർക്കാർ വിരുദ്ധ വോട്ടുകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും വോട്ടുകളെല്ലാം സർക്കാരിന് അനുകൂലമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എല്ലാ വോട്ടുകളും ഇടതുപക്ഷത്തിന് ഗുണകരമാകും. എല്ലാ പാർട്ടികൾക്ക് പിന്നിലും അണിനിരന്ന ജനങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനങ്ങൾ ഇടതുപക്ഷ മുന്നണിയെ സ്നേഹിക്കുകയാണ്. ഇടതുപക്ഷ മുന്നണി വിജയിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. ആംആദ്മി-ട്വന്റി 20 സഖ്യം തൃക്കാക്കര തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആം ആദ്മിയും ട്വന്റി 20-യും തമ്മിലാണ് സഖ്യമുള്ളത്. കോൺഗ്രസിന്റെ അഴിമതിക്ക് എതിരായി, കോൺഗ്രസിന്റെ ദുർഭരണത്തിനെതിരായി, കോൺഗ്രസിന്റെ കുടുംബവാഴ്ചക്കെതിരായി ചിന്തിച്ച് പ്രവർത്തിച്ച് ഉയർന്നുവന്ന പാർട്ടിയാണ് ആം ആദ്മി. കോൺഗ്രസിനെ ദയനീയമായി തോൽപ്പിച്ചാണ് ഡൽഹിയിൽ അവർ അധികാരത്തിൽവന്നത്. പഞ്ചാബിലും കോൺഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് അവർ അധികാരത്തിൽ വന്നത്.

ഇന്ത്യയിൽ കോൺഗ്രസിന്റെ നയങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആംആദ്മി പാർട്ടി. ആ പാർട്ടി അഴിമതിക്ക് എതിരാണ്. അവരുടെ നിലപാട് ജനോപകാരപ്രദമായിരിക്കും. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അഴിമതി വിരുദ്ധ ഭരണമാണ് ഇടതുപക്ഷം കാഴ്ചവെയ്ക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം കൊടുക്കുന്ന സർക്കാരാണ്. ആ നിലയിൽ ജനങ്ങൾ ഈ ഗവൺമെന്റിനേയും മുന്നണിയേയും സഹായിക്കും.

നാടിനെ ഒന്നിച്ചു നിർത്തി ജനങ്ങളുടെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ കലാപങ്ങളും സംഘർഷങ്ങളുമാണ്, ബുൾഡോസർ ഭരണമാണ്. പക്ഷേ, കേരളത്തിൽ അത്തരത്തിലുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് മതസാഹോദര്യവും ജനങ്ങളുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നത് ഇടത് സർക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങളിലാകെ സർക്കാരിനെക്കുറിച്ചും മുന്നണിയെക്കുറിച്ചും വലിയ മതിപ്പുണ്ടെന്നും ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here