ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തിലെ ടെലിവിഷൻ പ്രേക്ഷകരിലും വളരെയധികം ശ്രദ്ധ നേടിയെടുത്തിരിക്കുന്നു. 2020 ൽ ടെലിവിഷനിലൂടെ ഏറ്റവുമധികം ആളുകൾ കേട്ടതും, ശ്രദ്ധിച്ചതുമായ പ്രസംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) 2019 – 20 ലെ, വാർഷിക ടിവി വ്യൂവർഷിപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ജനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കൂടി ഇതിലൂടെ തെളിയുന്നു.
ലോകം മുഴുവൻ കൊറോണയെ എങ്ങനെ നേരിടണമെന്ന് അറിയാതെ സ്തംഭിച്ച് നിന്ന സമയത്താണ്, രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കണ്ട ദൃശ്യങ്ങൾ – കൊറോണയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പൊതു പ്രസംഗങ്ങൾ , ലോക് ഡൗൺ പ്രഖ്യാപനം , ഇതിനെ തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യൽ, വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ, ഇവയെല്ലാം പ്രേക്ഷകർക്ക് പ്രചോദനം നൽകിയിരുന്നു.
2020 മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിൽ നടത്തിയ രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള പ്രസംഗം കണ്ടത് 133 ദശലക്ഷം പേരാണ് . 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 40 ശതമാനം കൂടുതലാണ്.
കൊറോണ മുന്നണി പോരാളികൾക്ക് വേണ്ടി, ദീപങ്ങൾ തെളിയിച്ച്, ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള അദ്ദേഹം നടത്തിയ പ്രസംഗ സമയത്ത് മറ്റു ടി വി പരിപാടികളുടെ കാഴ്ചക്കാരിൽ 60 ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ എന്റർടൈൻമെന്റ് , മൂവി, കിഡ്സ് ചാനലുകളിൽ പ്രകടമായ പ്രേക്ഷകരുടെ കുറവ് രേഖപ്പെടുത്തിയതായും കണ്ടെത്തി.
മോദി നടത്തിയിട്ടുള്ള ലൈവ് ടിവി പ്രസംഗങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ചത് 2020 ഏപ്രിലിൽ അദ്ദേഹം രാജ്യത്തോട് നടത്തിയ അഭിസംബോധനയായിരുന്നു. 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ഈ പ്രസംഗത്തിന് 203 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉണ്ടായത്.