ബാഗ്‌ദാദ്: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മാർപ്പാപ്പ ഇറാഖിലെത്തുന്നു. നാലു ദിവസത്തെ ദർശനം ലക്ഷ്യമിട്ടിരിക്കുന്ന പോപ്പ് ഫ്രാന്‍സിസ്, ഇറാഖിലെ ക്രൈസ്തവ സമൂഹവുമായും, ഷിയാ നേതാവ് ആയത്തുല്ലാ സിസ്താനിയുമായി ചര്‍ച്ച നടത്തും. കൊറോണ രോഗവും സുരക്ഷാ ഭീഷണിയും അവഗണിച്ച് സ്വന്തം താല്‍പ്പര്യമെടുത്താണ് പോപ്പ് ഫ്രാന്‍സിസ് ഇറാഖിലെത്തുന്നത്.
ക്രൈസ്തവരുടേയും, മുസ്ലിങ്ങളുടെയും, ജൂതരുടെയും, ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന മണ്ണാണ് ഇറാഖിലേത്. പൂര്‍വ പിതാവായി ക്രൈസ്തവര്‍ കണക്കാക്കുന്ന എബ്രഹാമിന്റെ നാടായിട്ടാണ് ഇറാഖിനെ കാണുന്നത്. നേരത്തെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999ല്‍ ഇറാഖ് സന്ദര്‍ശനത്തിന് ശ്രമിച്ചിരുന്നെങ്കിലും, അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകൂടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹമാണ് ഇറാഖിലേത്. 14 ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്നിടത്ത് ഇന്ന് രണ്ടര ലക്ഷം പേര്‍ മാത്രമേ ഇപ്പോഴുള്ളൂ എന്നാണ് കണക്ക്. 2003ല അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടേറെ ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നു.
പോപ്പ് ഫ്രാന്‍സിസിന്റെ ഈ സന്ദര്‍ശനം ഇറാഖിലെ ക്രൈസ്തവര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കും. ഇറാഖിലേക്ക് ഒരു തീര്‍ഥാടന യാത്രയാണ് നടത്താന്‍ പോകുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം മുസ്ലിം മത നേതാക്കളെയും കാണും. വലിയൊരു സംഘം മാധ്യമപ്രവര്‍ത്തകരും പോപ്പിനൊപ്പമുണ്ട്.
ക്രൈസ്തവ നേതാക്കളുമായും, സിറിയന്‍ കാത്തലിക് സഭാ നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം, തെക്കന്‍ ഇറാഖിലെ നജഫ് നഗരം സന്ദര്‍ശിക്കും. ഷിയാക്കള്‍ അതീവ പ്രാധാന്യത്തോടെ കാണുന്ന ഈ നഗരത്തില്‍ വച്ചാണ് ഷിയാ നേതാവ് ആയത്തുല്ലാ അലി സിസ്താനിയുമായി ചര്‍ച്ച നടത്തുക. പ്രവാചകന്‍ എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊര്‍ മേഖലയില്‍ സര്‍വ മത സമ്മേളനത്തില്‍ പങ്കെടുക്കും. ഞായറാഴ്ച പോപ്പ് മൊസൂൾ സന്ദർശിച്ച ശേഷം, ഇര്‍ബിലില്‍ പ്രത്യേക പ്രാര്‍ഥന നടത്തി മടങ്ങും. 10000 ഇറാഖി സൈനികരെയാണ് പോപ്പിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.