18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും: ഫിഷറീസ് മന്ത്രി

0
85

ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തീരദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നതുമായ എല്ലാ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.

എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, ടി.ജെ. വിനോദ്, വി.ഡി. സതീശൻ എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് കുടുംബങ്ങളെ അധിവസിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 കുടുംബങ്ങളെ വീതവും പുനരധിവസിപ്പിക്കും. ഇവർക്ക് സുരക്ഷിത മേഖലയിൽ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് പുനരധിവാസത്തിന് സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ തലത്തിൽ ഭൂമി കണ്ടെത്തി ഫ്ളാറ്റ് സമുച്ചയ നിർമ്മാണ പദ്ധതി വിഭാവനം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി. തീരദേശത്ത് നിന്ന് മാറി താമസിക്കുന്നതിന് തയ്യാറായ 9904 കുടുംബങ്ങളുടെ സന്നദ്ധത ജില്ലാ കളക്ടർ ചെയർമാനായ സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ 1562 പേർക്ക് ഭൂമി കണ്ടെത്തി വില നിശ്ചയിച്ചു.  ഇതിൽ 962 പേർ ഭൂമി രജിസ്റ്റർ ചെയ്ത് വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here