ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ബിജെപി കൂടുതല്‍ ജാഗ്രതയില്‍. പാര്‍ട്ടിയുടെ എല്ലാ എംപിമാരോടും ജൂലൈ 16ന് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 18ന് എല്ലാവരും ഡല്‍ഹിയിലുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16ന് ഡല്‍ഹിയിലെത്തുന്നവര്‍ക്ക് വോട്ട് ചെയ്യുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് പരിശീലനം നല്‍കും. ഡല്‍ഹിയിലെത്തിയാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോടൊപ്പമായിരിക്കും അത്താഴം. 16ന് പ്രത്യേക അത്താഴ വിരുന്ന് ജെപി നദ്ദ ഒരുക്കുന്നുണ്ട്.
ബിജെപി നിര്‍ദേശിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രമുഖ ആദിവാസി നേതാവ് ദ്രൗപതി മുര്‍മുവാണ്. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷയിലെ ബിജെഡി, ബിഹാറിലെ ജെഡിയു എന്നിവരെല്ലാം മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുര്‍മു രാഷ്ട്രപതിയാകുമെന്ന് ഉറപ്പാണ്. എങ്കിലും തടസങ്ങള്‍ ഒഴിവാക്കാന്‍ ബിജെപി എല്ലാ പദ്ധതിയും ഒരുക്കുന്നുണ്ട്. ഇപ്പോള്‍ വോട്ട് ചോദിച്ച് ഉത്തര്‍ പ്രദേശിലാണ് മുര്‍മു. അവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. ഇതുവരെ ഭരണപക്ഷവും പ്രതിപക്ഷവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തി ഉപരാഷ്ട്രപതിയാകും. മുന്‍ കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്‌വി, നജ്മ ഹിബതുല്ല, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരില്‍ ആരെങ്കിലും ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.