വാഷിംഗ്ടൺ: യു എസ് പാർലമെന്റിന് മുന്നിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ട്രംപ് അനുകൂലികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും, മറ്റ് മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
യുഎസ് ക്യാപിറ്റോളിൽ കടന്നു കയറി ട്രംപ് അധികൃതർ നടത്തിയ അതിക്രമത്തിനിടെ പോലീസിന്റെ വെടിയേറ്റാണ് ഒരാൾ മരിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാസവസ്തുക്കൾ കയ്യിൽ കരുതിയാണ് പ്രതിഷേധക്കാൻ യുഎസ് പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് പോലീസ് പറയുന്നത്. പാർലമെന്റ് വളപ്പിൽ നിന്നും പൈപ്പ് ബോംബുകൾ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
വാഷിംഗ്ടണിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പാർലമെന്റിന്റെ സുരക്ഷാ ചുമതല സുരക്ഷാ സേന ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടന്നത്.