കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്.
കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ നാലിനാണ് ഫൈസർ ഇതു സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചത്.
പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായും കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി, ഇതിന് അനുമതി നൽകിയാലും, വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ്.
അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ നിന്ന് തെളിഞ്ഞതായി ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമ്മൻ പങ്കാളിയായ ബയോൻ ടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.
65 വയസിന് മുകളിലുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. പ്രായ, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളിലാതെയാണ് മികച്ച ഫലം ലഭിച്ചതെന്നാണ് കമ്പനിയുടെ അവകാശ വാദം.