പത്തനംതിട്ട : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ് വകുപ്പ്. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അനുബന്ധ വിഷയങ്ങളും വിശദ പരിശോധനയ്ക്കായി വിശാല ബെഞ്ചിന് വിടാന്‍ കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല.
എന്നാലിപ്പോള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനമില്ലാത്തത്. ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.കോടതി നിര്‍ദ്ദേശത്തിനു ശേഷം യുവതികളെ പോലീസ് തന്നെ തിരിച്ചയക്കുമെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരുന്നില്ല. ഇതാദ്യമായാണ് യുവതീ പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ ഇടം പിടിച്ചത്.
അതേസമയം ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കും. ഇന്ന് 12 മണി മുതലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുക. ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്.