തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നല്‍കാവുന്ന സമയം. അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അടുത്ത വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 23 തിങ്കളാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസാന തിയ്യതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്ത മാസം 8, 10, 14 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16ന് നടക്കും. അന്തിമ വോട്ടര്‍പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാതികളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കി.പുതുതായി ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല. സംവരണ മണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ, കോതമംഗലം, മലപ്പുറം നഗരസഭകളിലും 5 ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്.