ബാലുശേരി പീഡനം: കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി

0
237

തിരുവനന്തപുരം: കോഴിക്കോട് ബാലുശേരിക്ക് അടുത്ത് ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്ബതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

 

പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.ബാലാവകാശ കമ്മീഷന്‍ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. കുട്ടിക്കും കുടുംബത്തിനും വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം പീഡന കേസില്‍ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയായ രതീഷ് ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നിന്ന് രതീഷ് താഴേക്ക് ചാടുകയായിരുന്നു. കൈക്കും തോളിനും കാലിനും പരിക്കേറ്റ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here