ചെന്നൈയിൽ രണ്ട് കോളേജുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചെന്നൈ ലോക്കൽ ട്രെയിൻ തകർന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിയാൻ തുടങ്ങിയതോടെയാണ് ട്രെയിനിന്റെ ജനൽച്ചില്ലുകൾ തകർന്നത്. വിംകോ നഗർ സബർബൻ റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പച്ചയ്യപ്പസ് കോളേജിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ട്രെയിനിന് നേരെ പ്രസിഡൻസി കോളേജിലെ പത്തോളം വിദ്യാർത്ഥികളുടെ സംഘം കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ഇതുവരെ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസിനെ കണ്ടതോടെ വിദ്യാർഥികൾ സ്‌റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.