ദോഹ/ഇസ്ലാമാബാദ്: പാകിസ്താനും ഖത്തറിനുമിടയില്‍ രണ്ടു പ്രധാന സംഭവങ്ങളാണ് ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ സൈന്യത്തെ ഖത്തറിലേക്ക് സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടി അയക്കുന്നതിന് പാകിസ്താന്‍ മന്ത്രിസഭ അനുമതി നല്‍കി എന്നതാണ് പ്രധാന വാര്‍ത്ത. ഇതുസംബന്ധിച്ച് പാകിസ്താന്റെ വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസീബ് തന്നെയാണ് വിശദീകരിച്ചത്.
പാകിസ്താന്‍ പ്രധാനന്ത്രി ഷഹ്ബാസ് ഷരീഫ് ഖത്തര്‍ സന്ദര്‍ശനത്തിലാണ്. ഷഹ്ബാസിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. ഖത്തര്‍ ഭരണകൂടവുമായുള്ള ചര്‍ച്ചയില്‍ പാകിസ്താന് സാമ്പത്തിക സഹായം നല്‍കാന്‍ ധാരണയാകുമെന്നാണ് മറ്റൊരു വാര്‍ത്ത.
സൗദി അറേബ്യയും യുഎഇയും പാകിസ്താന് നേരത്തെ വായ്പ അനുവദിച്ചിരുന്നു. വീണ്ടും വായ്പ ആവശ്യപ്പെട്ടെങ്കിലും രണ്ടു രാജ്യങ്ങളും അനുവദിച്ചില്ല. പകരം പരോക്ഷമായ സാമ്പത്തിക സഹായം നല്‍കാന്‍ ഇരുരാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ദോഹയിലെത്തിയിരിക്കുന്നത്.
ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാന്‍ പോകുകയാണ്. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍. കായിക മാമാങ്കത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പാകിസ്താന്‍ സൈന്യത്തെ ഖത്തറിലേക്ക് അയക്കുന്നത്. പാകിസ്താന്‍ മന്ത്രി മറിയം ഔറംഗസീബ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. പാകിസ്താന്‍ മന്ത്രിസഭ ഇതുസംബന്ധിച്ച കരട് രേഖയ്ക്ക് അംഗീകാരം നല്‍കി.