തിരുവനന്തപുരം: സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ. അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിൽനിന്നും മടങ്ങിയെത്തിയ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയ്ക്കു ബിൽ പാസാക്കാനുള്ള അധികാരമുണ്ട്.
ഏതു ബിൽ പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നടപടികളോ വൈസ് ചാൻസലർ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്.
പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ താനെടുത്ത നടപടി കോടതിയും ശരിവച്ചത് ഗവർണർ ചൂണ്ടിക്കാട്ടി.
”ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുമെന്നു പറയുമ്പോൾ, തന്നിൽ അർപ്പിതമായ ചുമതല ശരിയായി നിർവഹിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. മറ്റുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ അതൃപ്തിയുണ്ടെന്നല്ല അതിന്റെ അർഥം. നിയമത്തിനു കീഴിലാണ് നമ്മളെല്ലാം ജീവിക്കുന്നത്.സർവകലാശാലകളുമായോ കോളേജുകളുമായോ ബന്ധമുള്ളവർ സേർച്ച് കമ്മിറ്റിയിൽ പാടില്ല. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേര്‍ച്ച് കമ്മിറ്റി ചെയർമാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്നു ഗവർണർ പറഞ്ഞു. വൈസ് ചാൻസലറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആവർത്തിച്ചു.