രാജകുമാരി ; പുതുവർഷപ്പുലരിയിൽ സൂര്യോദയം കാണാൻ ജില്ലയിൽ ഏറ്റവും കൂടുതൽ ആളെത്തിയതു കൊളുക്കുമലയിലാണ് . പുതുവർഷാരംഭത്തിൽ രണ്ടായിരത്തിലധികം പേരാണു പുലർച്ചെ 5.30 മുതൽ എത്തിയത്. കനത്ത മഞ്ഞു കാരണം സൂര്യോദയം അപ്രാപ്യമായെങ്കിലും ആകാശം തൊടുന്ന കൊളുക്കുമലയുടെ സൗന്ദര്യം ആവോളം നുകർന്നാണ് പലരും മടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരത്തോളം പേർ ഇവിടെയെത്തി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരത്തോളം പേർ ഇവിടെയെത്തി. ഇതിൽ ഭൂരിഭാഗം പേരും പുലർച്ചെ എത്തിയവരാണ്. നവംബർ 29 മുതലാണ് കൊളുക്കുമലയിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചത്.
പശ്ചിമഘട്ട മലനിരകളിലെ ഉയരം കൂടിയ മലനിരകളിൽ ഒന്നാണ് കൊളുക്കുമല. സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലുള്ള കൊളുക്കുമല ഒട്ടനവധി മനോഹര കാഴ്ചകൾ സഞ്ചാരികൾക്കു നൽകുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടവും 8 പതിറ്റാണ്ടോളം പഴക്കമുള്ള തേയില ഫാക്ടറിയുമാണ് പ്രധാന ആകർഷണം.
സമുദ്രനിരപ്പിൽ നിന്നു 8561 അടി ഉയരത്തിലുള്ള മീശപ്പുലിമല, 6988 അടി ഉയരത്തിലുള്ള തീപ്പാടമല എന്നിവ കൊളുക്കുമലയോടു ചേർന്നാണ്. മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൊളുക്കുമല തമിഴ്നാട്ടിലെ തേനി ജില്ലയിലാണ്. മലയുടെ ഒരു ഭാഗം കേരളത്തിന്റെ അധീനതയിലാണ്. തമിഴ്നാട്ടിലെ കുരങ്ങിണി വഴി കാൽനടയായും ഇവിടെയെത്താം. ചെങ്കുത്തായ മലനിരകൾ ട്രെക്കിങ്ങിന് ഏറെ യോജിച്ചതാണ്.