വാഷിംഗ്ടണ്‍: കൊവിഡ് കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം ശൈലിയില്‍ നിന്ന് കമ്പനികളെല്ലാം പതിയെ മാറി തുടങ്ങുകയാണ്. ടെക് ഭീമന്മാരായ ആപ്പിളും ഇതിനൊരു മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ നേരിട്ടെത്താനായിരുന്നു ജീവനക്കാരോട് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ നിര്‍ദേശം. ഇത് ജീവനക്കാരനെ ആകെ കലിപ്പിലാക്കിയിരിക്കുകയാണ്. തങ്ങള്‍ വരില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
അടുത്ത മാസം മുതലാണ് ജീവനക്കാരോട് മൂന്ന് ദിവസം കുറഞ്ഞത് ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ ടിം കുക്ക് ആവശ്യപ്പെട്ടത്. ആപ്പിള്‍ വര്‍ക്കേഴ്‌സ് ഇതിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. കുറച്ച് കൂടി നല്ല തൊഴില്‍ അന്തരീക്ഷം ഒരുക്കണമെന്നാണ് ആവശ്യം.
വാള്‍സ്ട്രീറ്റ് ജേണലാണ് ആപ്പിളിനുള്ളിലെ തൊഴിലാളി ഐക്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് അവര്‍ക്ക് സൗകര്യമുള്ള രീതിയില്‍ ജോലി ചെയ്യട്ടെ എന്നാണ് തൊഴിലാളി കൂട്ടായ്മ പറയുന്നത്. ഇവര്‍ മാനേജര്‍മാരുമായി ചേര്‍ന്ന് അക്കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്നും ജീവനക്കാരുടെ സംഘടനയായ ആപ്പിള്‍ ടുഗെതര്‍ പറയുന്നു.
ഈ പരാതിയില്‍ 270ഓളം ജീവനക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കമ്പനിയുടെ ചെറിയൊരു വിഭാഗം മാത്രമാണിത്. 1,65000 ജീവനക്കാര്‍ ആപ്പിളിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ സൗകര്യപ്രദമായ തൊഴില്‍ രീതികള്‍ വേണമെന്ന് ആപ്പിള്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഓഫീസില്‍ വരാന്‍ പറ്റാത്തതിന് നിരവധി കാരണങ്ങള്‍ ജീവനക്കാര്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക് ഭിന്നശേഷി സംബന്ധമായ പ്രശ്‌നങ്ങളാണ് പറയാനുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞവരും ധാരാളമുണ്ട്. ഇപ്പോഴുള്ള തൊഴില്‍ അന്തരീക്ഷത്തില്‍ പലരും ഹാപ്പിയാണ്. കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഈ തൊഴില്‍ സാഹചര്യത്തിലൂടെ സാധിക്കും.
ടെക് കമ്പനികള്‍ മുഴുവന്‍ ജീവനക്കാര്‍ തിരിച്ച് ഓഫീസിലെത്തിക്കാന്‍ ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. ഗൂഗിളും മൈക്രോസോഫ്റ്റും ജീവനക്കാരോട് ഓഫീസിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്ലയും സ്‌പേസ് എക്‌സും പക്ഷേ കര്‍ശനമായി ഈ നിയമം നടപ്പിലാക്കുകയാണ്. ആഴ്ച്ചയില്‍ നാല്‍പ്പത് മണിക്കൂറെങ്കിലും ജീവനക്കാര്‍ ഓഫീസില്‍ ഇരുന്ന് ജോലി എടുക്കാനാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.