ഇരുപത്തി നാലാമത് സംയുക്ത സൈനിക അഭ്യാസം “മലബാർ 20 ” ഇന്ന് മുതൽ

0
81

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സൈനിക അഭ്യാസത്തിന്റെ മുഖമുദ്രയായ മലബാര്‍ സൈനികാഭ്യാസം ഇന്നാരംഭിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന സൈനിക അഭ്യാസം ക്വാഡ് സഖ്യം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ സൈനിക പരിശീലന പരിപാടിയാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമേ ഓസ്‌ട്രേലിയയും ജപ്പാനും നാവികാഭ്യാസത്തിന്റെ ഭാഗമാകും. ജര്‍മ്മന്‍ നാവികസേനയും ഒരു ഘട്ടത്തില്‍ പങ്കുചേരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പെസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റ ഭീഷണിക്ക് ശക്തമായ വെല്ലുവിളിയായാണ് മലബാര്‍ സംയുക്ത നാവികസേനാ പരിശീലനത്തെ ലോകം നിരീക്ഷിക്കുന്നത്.മലബാര്‍ സംയുക്ത സൈനിക അഭ്യാസം ഇത് 24-ാം തവണയാണ് അരങ്ങേറുന്നത്.വിവിധ ഘട്ടങ്ങളിലായാണ് സൈനിക അഭ്യാസം നടക്കുക. ആദ്യഘട്ടം ഇന്നു മുതല്‍ ആറാം തീയതി വരെ നടക്കുമെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. മലബാര്‍ സംയുക്ത നാവികസേനാ പരിശീലന പരിപാടിയില്‍ ഇന്ത്യയുടെ നാവികസേനാ വ്യൂഹത്തിനൊപ്പം അമേരിക്കയുടെ മിസൈല്‍ വാഹിനിയായ ജോണ്‍.എസ്. മക്‌ഗെയിന്‍, ഓസ്‌ട്രേലിയയുടെ ബല്ലാരാറ്റ്, എം.എച്ച്‌ ഹെലികോപ്റ്ററുകള്‍, ജപ്പാന്റെ മികച്ച യുദ്ധക്കപ്പലായ ഒനാമിയും അതിനൊപ്പം എസ്.എച്ച്‌ 60 ഹെലികോപ്റ്റര്‍ വ്യൂഹവും ആദ്യ ഘട്ട അഭ്യാസങ്ങളില്‍ പങ്കെടുക്കും.

 

ഇന്ത്യന്‍ നാവികസേനക്കായി കിഴക്കന്‍ നാവികസേനാ വ്യൂഹമാണ് അണിചേരുന്നത്. ഐ.എന്‍.എസ് രണ്‍വിജയ്, ഐ.എന്‍.എസ്. ശിവാലിക്, ഐ.എന്‍.എസ്. സുകന്യ, ഐ.എന്‍.എസ്. ശക്തി, ഐ.എന്‍.എസ്. സിന്ധുരാജ് എന്നിവ അണിനിരക്കും. ഇവയ്‌ക്കൊപ്പം ജെറ്റ് വിമാനമായ ഹ്വാക്കും നിരീക്ഷണ വിമാനമായ പി-81, ഡോണിയര്‍ വിമാനങ്ങളും നാവികവ്യൂഹത്തിനൊപ്പം സംയുക്ത പരിശീലനം നടത്തും. ഇന്ത്യയുടേയും അമേരിക്കയുടേയും വിമാനവാഹിനിക്കപ്പലുകള്‍ ആദ്യ ഘട്ടത്തില്‍ പങ്കുചേരുന്നില്ല.

 

നവംബര്‍ മധ്യവാരത്തിലാണ് രണ്ടാംഘട്ട പരിശീലനങ്ങള്‍ നടക്കുക. 1992ല്‍ അമേരിക്കയും ചൈനയും വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന കാലത്താണ് മലബാര്‍ സൈനികാഭ്യാസത്തിന് തുടക്കമിട്ടത്. 2007 മുതലാണ് നാല് രാജ്യങ്ങള്‍ മലബാര്‍ നാവികാഭ്യാസത്തിന്റെ ഭാഗമായത്.

LEAVE A REPLY

Please enter your comment!
Please enter your name here