മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മൈക്കിള്‍ വര്‍ഗീസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ സേവനം വിനിയോഗിച്ചത് നിയമപരമല്ലെന്ന വാദവും കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ലൈഫ് മിഷന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ സിംഗിള്‍ ബെഞ്ച് നടപടികളെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന്റെ നടപടികളില്‍ ഇടപെടാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്റെതെന്നും ഹര്‍ജിയില്‍ പൊതുതാല്‍പ്പര്യമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.സ്പ്രിങ്ക്ളര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നെന്ന് വിധിന്യായത്തില്‍ പറഞ്ഞു. ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്നും സിംഗിള്‍ ബെഞ്ചില്‍ പരിഗണനയിലുള്ള പല കാര്യങ്ങളുമാണ് ഹര്‍ജിക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് ബോധിപ്പിച്ചു.
സ്വര്‍ണക്കടത്തില്‍ ഉന്നതസ്ഥാനത്തുള്ളവര്‍ക്ക് പങ്കുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും ഹര്‍ജിഭാഗം നിരവധിതവണ ആരോപിച്ചിട്ടുണ്ടെങ്കിലും എന്ത് തെളിവാണ് ഉള്ളതെന്ന് ഹര്‍ജിയില്‍ വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.