അമേരിക്കൻ ഗായികയും ഗ്രാമി ജേതാവുമായ നയോമി ജഡ് (76) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ദീർഘ നാളുകളായി വിവിധങ്ങളായ രോഗങ്ങളാൽ ഗായിക ചികിത്സയിലായിരുന്നു. വിഷാദരോഗവും നയോമിയെ ബാധിച്ചിരുന്നു. യുഎസിലെ പ്രശസ്ത സംഗീതവിഭാഗമായ കൺട്രി മ്യൂസിക്കിലൂടെയാണ് നയോമി ജഡ് ആരാധകശ്രദ്ധ നേടിയത്.
1970കളിലാണ് നയോമി ‘ദ് ജഡ്സ്’ എന്ന സംഗീത ഗ്രൂപ്പിന് തുടക്കമിട്ടത്. മകളും ഗായികയുമായ വൈനോന ജഡിനൊപ്പമായിരുന്നു തുടക്കം. എന്നാൽ പൊതുജനശ്രദ്ധയാകർഷിക്കാൻ ‘ദ് ജഡ്സി’ന് ഒരു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു. പിന്നീടിങ്ങോട്ട് അമേരിക്കൻ സംഗീതപ്രേമികളുടെ ഹൃദയം ഈ അമ്മയിലേയ്ക്കും മകളിലേയ്ക്കും തിരിഞ്ഞു. 5 ഗ്രാമികളാണ് ‘ദ് ജഡ്സി’ലൂടെ നയോമിയും മകളും സ്വന്തമാക്കിയത്. നടി ആഷ്‌ലി ജഡ് ആണ് നയോമിയുടെ മറ്റൊരു മകൾ.