‘കുറഞ്ഞ സമയം കൂടുതൽ പണം, വർക്ക് ഫ്രം ഹോം’, മോഹിപ്പിക്കുന്ന പ്രലോഭനത്തിൽ വീഴുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്.

0
49

തിരുവനന്തപുരം: വീടിന് പുറത്തിറങ്ങാതെ പണമുണ്ടാക്കാനുള്ള എളുപ്പവഴിയുമായി വരുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. വർക്ക് ഫ്രം ഹോം മാതൃകയിൽ കുറഞ്ഞ സമയം ജോലി ചെയ്ത് വൻതുക ലാഭമുണ്ടാക്കാം എന്ന രീതിയിൽ ആരെയും പ്രലോഭിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങളേക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈലിലേക്കും സമൂഹമാധ്യമങ്ങളിലും മെസേജ് രൂപത്തിൽ ആരംഭിക്കുന് തട്ടിപ്പ് ബാങ്ക് അക്കൌണ്ട് കാലിയാക്കാൻ ഏറെ സമയം എടുക്കില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ അനുഭവം മുൻനിർത്തി പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. എത്ര വേഗത്തിൽ പരാതി റിപ്പോർട്ട് ചെയ്യുന്നുവെന്നത് നഷ്ടമായ തുക തിരികെ ലഭിക്കുന്നതിൽ നിർണായകമാണെന്നും പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കുന്നു.

കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെയാണ്…

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്.  മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ്  തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക്  പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. 

ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [GOLDEN HOUR]തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വിവരങ്ങൾ പരമാവധി പേരിലേയ്ക്ക് പങ്കുവയ്ക്കുക. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here