ജാമ്യംകിട്ടിയശേഷം പി.സി ജോർജിൻറെ പ്രതികരണം; ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കാൻ പോലീസ്

0
57

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച മുൻ എംഎൽഎ പി.സി.ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചോയെന്ന് പോലീസ് പരിശോധിക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഉപാധികളോടെ കോടതി ജോർജിന് ജാമ്യം നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ ഒരു ദിവസം പോലും പോലീസിന് കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല.

ജോർജിനെതിരേ വാദിക്കാൻ മജിസ്ട്രേറ്റിനുമുമ്പിൽ പ്രോസിക്യൂട്ടറെ ഹാജരാക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. പ്രതിഭാഗത്തിൻറെ വാദം കോടതി അംഗീകരിച്ച് അദ്ദേഹത്തിന് ജാമ്യം നൽകുകയായിരുന്നു. ഇത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യത്തിനു ശേഷം പി.സി.ജോർജ് നടത്തിയ പ്രസ്താവനകൾ പോലീസ് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും പ്രസംഗത്തിൽ വർഗീയത ആരോപിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നുമായിരുന്നു ജോർജിന്റെ പ്രതികരണം. മറ്റുചില പ്രസ്താവനകളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുകയുണ്ടായി.

വിദ്വേഷ പ്രസ്താവനകൾ നടത്തരുതെന്ന ജാമ്യവ്യവസ്ഥ ജോർജ് ലംഘിച്ചോ എന്നാകും പരിശോധിക്കുക. ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയേക്കും. ജാമ്യ ഉത്തരവ് കോടതിയിൽ നിന്ന് ഇതുവരെ പോലീസ് ലഭിച്ചിട്ടില്ല. കോടതി അവധി ആയതിനാലാണ് ഉത്തരവ് ലഭിക്കാൻ വൈകുന്നത്. ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യവും പോലീസിന്റെ പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here