ഞാനടക്കം ഉള്ള കൗമാരങ്ങളെ, ഇന്ത്യയിൽ അത്രകണ്ട് വേരോട്ടം ഇല്ലാത്ത ടെന്നിസിനെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചത് ഈ നീണ്ട സ്വർണ മുടിക്കാരിയായിരുന്നു. ഒരു പോയിന്റ് നേടുമ്പോഴോ ഒരു ഗെയിമോ സെറ്റോ മാച്ച് പോലും നേടുമ്പോഴോ അമിത സന്തോഷ പ്രകടനങ്ങളില്ലാത്ത സ്ഥായീഭാവം പക്ഷേ, ടെന്നിസിൽ കരുത്തിന്റെയും കളിയഴകിന്റെയും അടയാളമായിരുന്നു. ക്രിസ് എവർട്ടിന്റെയും മാർട്ടീനനവ്രത്ലോവയുടെയും പിൻമുറക്കാരി, കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിനിടയിൽ ടെന്നിസിലെ ഏറ്റവും വിജയം വരിച്ച താരങ്ങളിലൊരാളായത് കഠിന പ്രയത്നങ്ങളിലൂടെയായിരുന്നു.
1987 മുതൽ 12 വർഷം നീണ്ട സ്റ്റെഫിയുടെ കരിയർ ഒരു പക്ഷെ ഇനിയൊരാൾക്ക് എത്തിപ്പിടിക്കാൻ കഴിയുമോ എന്ന് സംശയമാണ്. 1988ൽ നാല് ഗ്രാൻഡ്സ്ലാം, ഒളിമ്പിക് സ്വർണമെഡൽ ഉൾപ്പെടെ” ഗോൾഡൻസ്ലാം ” നേടിയ ടെന്നിസ് താരം, എല്ലാ ഓപ്പൺ (ഓസ്ട്രേലിയൻ, ഫ്രഞ്ച്, വിംബിൾഡൻ, യു എസ് ) ചാമ്പ്യൻഷിപ്പുകളും കുറഞ്ഞത് നാലു തവണ നേടിയ താരം, ലോക ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടിയ കാലം ഒന്നാം നമ്പർ റാങ്കിൽ നിന്ന താരം ( 377 ആഴ്ച) എന്നിവ സ്റ്റെഫിക്ക് സ്വന്തം. തുടർച്ചയായി 186 ആഴ്ച ലോക ഒന്നാം നമ്പർ താരമായി നിൽക്കുകയെന്ന റെക്കോർഡിന് ഒപ്പമെത്താൻ 2016ൽ സറീന വില്യംസ് വേണ്ടി വന്നു.
1968 നു ശേഷം ഉള്ള “ഓപ്പൺ ” കാലഘട്ടത്തിൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം ടൂർണമെന്റ് കൾ വിജയിച്ച (22) സ്റ്റെഫിയുടെ റെക്കോർഡ് ഈ അടുത്ത കാലത്ത് മാത്രമാണ് സെറീന വില്യംസ് മറികടന്നത്. ലിംഗഭേദമന്യേ അഞ്ചു വർഷം മൂന്നു വീതം ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയത് മാർഗരറ്റ് കോർട്ടുമായി പങ്കിടുന്നു. ക്രിസ് എവർട്ടിനും മാർട്ടീന നവ്രാത്ലോവക്കും ശേഷം ഏറ്റവുമധികം സിംഗിൾസ് ടൂർണമെന്റ് വിജയിയും (107) സ്റ്റെഫി തന്നെ.


1988 മുതൽ 94 വരെ ആയിരുന്നു സ്റ്റെഫിയുടെ സുവർണകാലം. ഓരോ ഗ്രാൻഡ്സ്ലാം ഫൈനലിലും മാർട്ടീനയും സബാറ്റിനിയും അറൻറ സാഞ്ചസും പാംഷ്റിവറുമടക്കം പലരും കോർട്ടിന്റെ എതിർ വശത്ത് മാറി മാറി വന്നെങ്കിലും വിജയം സ്റ്റെഫിയോടൊപ്പമായിരുന്നു. ഒരു ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഹെലനാ സുക്കോവയെ തകർത്തത് 6-0, 6-0 എന്നിങ്ങനെ സ്കോറിനായിരുന്നു.
പുതിയ താരോദയങ്ങളായ മോണിക്ക സെലസ്, മാർട്ടീന്ന ഹിംഗിസ്, ജെന്നിഫർ കാപ്രിയാറ്റി തുടങ്ങിയവരുടെ വരവോടെ സ്വാഭാവികമായും സ്റ്റെഫിയുടെ കരിയറിന് അന്ത്യം സംഭവിച്ചു തുടങ്ങി. 1999ൽ ഫോമിൽ നിൽക്കേ തന്നെ റിട്ടയർ ചെയ്ത അവർ അന്നത്തെ ഒന്നാം നമ്പർ പുരുഷ താരം അമേരിക്കയുടെ ആന്ദ്രേ ആഗസിയെ വിവാഹം ചെയ്തു.