മലേഷ്യയില് ജനിച്ചു വളര്ന്ന വാസുദേവന് നായര് സിനിമാരംഗത്ത് ഒരു സ്ഥാനം തേടിയാണ് മദിരാശിയില് എത്തിച്ചേരുന്നത്. കുന്നക്കുടി വൈദ്യനാഥന് സംഗീതം നല്കിയ ‘കാലം സെയ്യും വിളയാട്ട്’ എന്ന് ചിത്രത്തിലാണ് വാസുദേവന് നായര് ആദ്യമായി പിന്നണി പാടുന്നത്. അതേ ചിത്രത്തിണ്റ്റെ സംവിധായകനായിരുന്ന എ.പി.നാഗരാജന്, വാസുദേവന് നായരെ ‘മലേഷ്യാ” വാസുദേവനാക്കി മാറ്റുകയായിരുന്നു.
ജി.കെ.വെങ്കിടേഷിന്റെ ട്രൂപ്പുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ഇളയരാജയിലേക്കെത്തിക്കുന്നത്. ഇളയരാജയുടെ ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ മലേഷ്യാ വാസുദേവന്റെ ഭാഗ്യജാതകം തെളിയുകയായിരുന്നു. ‘ആട്ടുക്കുട്ടി മുട്ടയിട്ട്’ എന്ന ഗാനത്തില് റ്റി.എം.സൌന്ദര്രാജനു ശേഷം തികച്ചും ‘റസ്റ്റിക്’ ആയൊരു ശബ്ദ്ം തമിഴ് ശ്രോതാക്കള് തിരിച്ചറിഞ്ഞു. ആരംഭകാലങ്ങളില് റ്റി.എം.സൌന്ദര്രാജനുമായ് ഇളയരാജയ്ക്കുണ്ടായിരുന്ന അഭിപ്രായവ്യതാസങ്ങള് മലേഷ്യാവാസുദേവനെ ശ്രദ്ധേയമാക്കുന്നതില് ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്നു തന്നെ പറയാം..
പിന്നീട് എത്രയെത്ര ഗാനങ്ങള്… ‘സകലകലാവല്ലവന്‘ എന്ന ചിത്രത്തിലൂടെ തമിഴ് ഡിസ്കോ കാലഘട്ടം പിറന്നപ്പോള് മലേഷ്യാ വാസുദേവന്റെ ഗാനങ്ങള് അങ്ങേയറ്റം ജനപ്രീതി നേടുകയുണ്ടായി. ഇന്നത്തെ നൃത്തവേദികളെപ്പോലും ചുവടു വയ്പ്പിക്കുന്നതാണ് ഇളയരാജ സംഗീതം നല്കി മലേഷ്യാ വാസുദേവന് ആലപിച്ച ‘ആസൈ നൂറു വകൈ’ (അടുത്ത വാരിസ്) എന്ന ഗാനം..
തമിഴിന്റെ ആലാപനചരിത്രത്തിലൂടെ കടന്നു പോയിട്ടുള്ള പിന്നണി ഗായകരെ ഓർക്കുമ്പോൾ ഭാവാവിഷ്കാരത്തിലും ശബ്ദത്തിന്റെ ടോണൽക്വാളിറ്റിയിലും ടിം. എം. സൗന്ദർരാജനോടു കിട പിടിക്കുന്ന ഗായകർ ഏറെയുണ്ടാകില്ല എന്നു നമുക്ക് കാണുവാനാകും. ടി.എം.എസ് പാടിത്തീർത്ത വഴികളിലൂടെയും, ശൈലികളിലൂടെയുമാണ് മലേഷ്യാ വാസുദേവനും സഞ്ചരിച്ചിട്ടുള്ളത്, ഒരു തുടർച്ച എന്ന പോലെ തന്നെ.
എസ്.പി.ബാലസുബ്രമണ്യത്തോട് മത്സരിച്ചു കൊണ്ടാണ് മലേഷ്യ തമിഴില് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. തമിഴ് സിനിമാസംഗീതത്തിണ്റ്റെ സുവര്ണ്ണ കാലഘട്ടത്തില് യേശുദാസിനൊഴികെ മറ്റാര്ക്കും അതു സാധിച്ചിട്ടില്ല തന്നെ. ‘ആഗായ ഗംഗൈ’ (ധര്മ്മയുദ്ധം), ‘തങ്കച്ചങ്കിലി’ (തൂറല് നിന്നു പോച്ച്), ‘കോടൈകാല കാറ്റ്രേ’ (പന്നീര് പുഷ്പന്കള്), ‘വാ വാ വസന്തമേ’ (പുതുക്കവിതൈ) തുടങ്ങിയ മെലഡികളോടൊപ്പം തന്നെ ‘നിലാ കായുത്’ (സകലകലാവല്ലവന്), ‘പൊതുവാഗ എന് മനസ്സ്’ (മുരട്ടുക്കാളൈ), ‘കട്ട വണ്ടി കട്ട വണ്ടി’ (സകലകലാവല്ലവന്) തുടങ്ങി ‘ഡബ്ബാം കൂത്തു’ ഗാനങ്ങളിലും മലേഷ്യയുടെ സ്വരം തികഞ്ഞ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
മലേഷ്യാ വാസുദേവനെ മാറ്റി നിര്ത്തിക്കൊണ്ട് ‘മുതല് മര്യാദൈ’ എന്ന ചിത്രത്തെക്കുറിച്ചു ചിന്തിക്കുക സാദ്ധ്യമല്ല. മലേഷ്യയുടെ പിന്നണി ജീവിതത്തിലെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു ‘മുതല് മര്യാദ’ യിലേതെന്ന് നിസ്സംശയം പറയാം.. ‘പൂങ്കാറ്റ്ര് തിരുമ്പുമാ..’, ‘വെറ്റ്രി വെരു വാസം’ എന്നീ ഗാനങ്ങളില് ശിവാജി ഗണേശണ്റ്റെ അഭിനയ ചാതുര്യവും ഭാരതിരാജയുടെ സംവിധാനമികവും വൈരമുത്തുവിണ്റ്റെ അനന്യസാധാരണമായ കാവ്യഗുണവും ഇളയരാജയുടെ അത്ഭുതകരമായ കൈയ്യടക്കവും മലേഷ്യയുടേയും എസ്. ജാനകിയുടേയും മിതത്വമാര്ന്ന ആലാപനവും പെയ്തിറങ്ങുകയായിരുന്നു
മലേഷ്യാ വാസുദേവൻ ഇല്ലെങ്കിൽ “കരകാട്ടക്കാരൻ“ എന്ന ചിത്രത്തിലെ “ഊരു വിട്ട് ഊരു വന്ത്“ എന്ന ഗാനവും ഇല്ല. ചിലയിടങ്ങളിൽ രാഗവരിശകൾ, ചിലയിടങ്ങളിൽ മെലഡി, ചിലയിടങ്ങളിൽ ഫോക്ക് ഭാവമുള്ള “റസ്റ്റിക്” ആലാപനം – ഈയൊരൊറ്റ ഗാനത്തിൽ മലേഷ്യാ വാസുദേവന്റെ ശബ്ദം സഞ്ചരിക്കുന്നത് അതിശയപ്പെടുത്തുന്ന ഭാവപ്പകർച്ചകളിലൂടെയാണ്


മലയാളികളെ ഏറെ ചിരിപ്പിച്ച ‘നാടോടിക്കാറ്റ്’ മൊഴിമാറി തമിഴില് എത്തിയപ്പോള് തിലകന് അവതരിപ്പിച്ച അനന്തന് നമ്പ്യാരായി അവതരിച്ചത് മലേഷ്യാവാസുദേവനായിരുന്നു. ‘ഒരു കൈതിയിന് ഡയറി’ എന്ന ഭാരതിരാജ ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.
ഓര്ത്തു വയ്ക്കാവുന്നത്ര ഗാനങ്ങളൊന്നും മലേഷ്യാ വാസുദേവന് മലയാളത്തില് ആലപിച്ചിട്ടില്ല. ‘നന്നങ്ങാടികള്‘ (കാക്കൊത്തിക്കാവിലെ അപ്പൂപ്പന് താടികള്), ‘പാണപ്പുഴ’ (വിഷ്‌ണുലോകം), ‘പിറന്നൊരീ മണ്ണും’ (കാബൂളിവാല) എന്നിവയാണ് അദ്ദേഹത്തിണ്റ്റെ എടുത്തു പറയാവുന്ന മലയാളഗാനങ്ങള്.
തമിഴ് സിനിമയുടെ വസന്തകാലത്തെ ധന്യമാക്കിയ കലാകാരന്മാരിലൊരാള്ക്ക് ഹൃദയാഞ്ജലികൾ!!!!
മികച്ച ഗാനങ്ങള്
1. ആഗായ ഗംഗൈ – ധര്മ്മയുദ്ധം
2. കോടൈകാല കാറ്റ്രേ – പന്നീര് പുഷ്പന്കള്
3. വാ വാ വസന്തമേ – പുതുക്കവിതൈ
4. പൂങ്കാറ്റ്ര് തിരുമ്പുമാ – മുതല് മര്യാദൈ
5. ആനന്ദ തേന് സിന്തും – മണ്വാസനൈ
6. കുയിലേ കുയിലേ – ആണ്പാവം
7. പവള മല്ലികൈ – മന്ദിര പുന്നഗൈ
8. ആസൈ നൂറുവഗൈ – അടുത്ത വാരിസ്
9. കോവില് മണി ഓസൈ – കിഴക്കേ പോകും റയില്
10. വെട്ടി വെരു വാസം – മുതൽമരിയാദൈ
11. ഊരു വിട്ട് ഊരു വന്ത് – കരകാട്ടക്കാരൻ
12. വാ വാ വസന്തമേ – പുതുക്കവിതൈ
13. സീവി സിനുക്കെടുത്ത് – വെറ്റ്രിവിഴ