ലണ്ടന്‍ / ബാഴ്സലോണ : ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ആവേശം നല്‍കി യൂറോപ്യന്‍ ക്ളബ് ഫുട്ബാളില്‍ ഇന്ന് രണ്ട് ആവേശപ്പോരാട്ടങ്ങള്‍.സ്പാനിഷ് ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എല്‍ ക്ളാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടുന്നത് ഇന്നാണ്. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് എല്‍ ക്ളാസിക്കോ തുടങ്ങുന്നത്. ഇംഗ്ളീഷ് പ്രിമിയര്‍ ലീഗില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലാണ് അടുത്ത വലിയ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരംത്തിന്റെ കിക്കോഫ്.
ബാഴ്സലോണയുടെതട്ടകമായ ക്യാമ്ബ് നൗവിലാണ് സീസണിലെ ആദ്യ എല്‍ക്ളാസിക്കോ നടക്കുന്നത്. മെസിയുടെ മടയിലേക്ക് റയല്‍ എത്തുന്നത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ നാണക്കേടുമായാണ്.കഴിഞ്ഞ വാരം ലാ ലിഗയില്‍ കാഡിസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ തുടര്‍ന്ന് ചാമ്ബ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഷാക്തര്‍ഡോണെസ്കിനോട് 3-2ന് തോറ്റിരുന്നു. കഴിഞ്ഞ ലാ ലിഗമത്സരത്തില്‍ ബാഴ്സയും തോറ്റിരുന്നു. ഗെറ്റാഫെയായിരുന്നു എതിരാളികള്‍. അതിനുമുമ്ബ് നടന്ന ലാ ലിഗ മത്സരത്തില്‍ സമനിലയായിരുന്നു ഫലം. എന്നാല്‍ ചാമ്ബ്യന്‍സ് ലീഗ് ആദ്യ റൗണ്ടില്‍ ദുര്‍ബലരായ ഹംഗേറിയന്‍ ക്ളബ് ഫെറെങ്ക്‌വാറോസിനെ 5-1ന് തകര്‍ത്ത് മെസിയും കൂട്ടരും ആത്മവിശ്വാസം തിരികെപിടിച്ചിട്ടുണ്ട്.
അഞ്ചുകളികളില്‍ 10പോയിന്റുള്ള റയല്‍ മാഡ്രിഡ് ലാ ലിഗ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്.ഇന്ന് ജയിച്ചാല്‍ റയലിന് ഒന്നാം സ്ഥാനത്ത് തിരികെയെത്താനാകും. നാലുകളികളില്‍ നിന്ന് ഏഴുപോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് റയല്‍.
400
എല്‍ക്ളാസിക്കോയില്‍ ബാഴ്സലോണ ഇതുവരെ 399 ഗോളുകള്‍ നേടിയിട്ടുണ്ട്.ഒന്നുകൂടിയായാല്‍ 400 തികയ്ക്കാം. കഴിഞ്ഞ രണ്ട് ലാ ലിഗ മത്സരങ്ങളിലും ബാഴ്സ ഗോളുകള്‍ നേടിയിട്ടില്ല.
7.30 pm
എല്‍ ക്ളാസിക്കോ ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണമില്ല. ലാ ലിഗയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ രാത്രി ഏഴര മുതല്‍ ലൈവായി കാണാം.
മുന്നിലേക്കെത്താന്‍ ചെല്‍സിയും മാഞ്ചസ്റ്ററും
പ്രിമിയര്‍ ലീഗില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിക്കാനായ ചെല്‍സിക്കും നാലു കളികളില്‍ രണ്ട് ജയം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പോയിന്റ് ടേബിളില്‍ മുന്നോട്ടുവരാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ചെല്‍സി പട്ടികയില്‍ എട്ടുപോയിന്റുമായി എട്ടാമതും മാഞ്ചസ്റ്റര്‍ ആറു പോയിന്റുമായി 15-ാമതുമാണ്.
ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോള്‍ഡില്‍ വച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ ചെല്‍സി സെവിയ്യയുമായി ഗോള്‍ രഹിത സമനില വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാരീസ് എസ്.ജിയെ 2-1ന് തോല്‍പ്പിച്ചിരുന്നു.