കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം

0
70

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കാഹളം ഉയരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് സെമിഫൈനലാകും. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

 

നവംബര്‍ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്‌ചാതലത്തിലാണ് തിരഞ്ഞെടുപ്പ് നീണ്ടത്.ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ ഡിസംബര്‍ 11നകം തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യ ആഴ്‌ചയില്‍ പോളിംഗ് നടത്തുന്ന രീതിയിലായിരിക്കും നടപടി ക്രമങ്ങള്‍.

 

രാഷ്ട്രീയ പാര്‍‌ട്ടികളുമായും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും കമ്മിഷന്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഒരു തീയതിയിലും അടുത്ത ഏഴ് ജില്ലകളില്‍ മറ്റൊരു തീയതിയിലുമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നത്. കൊവിഡിന്റെ പശ്‌ചാതലത്തില്‍ കൂടുതലും പോളിംഗ് ബൂത്തുകളും ഉദ്യോഗസ്ഥരും ആവശ്യമായിട്ടുളളതിനാലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്.

 

ഈ മാസം അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ സംവരണത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് വോട്ടര്‍പട്ടിക പുതുക്കാനുളള അവസരം ഒരുവട്ടം കൂടി നല്‍കും. ശേഷമായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പടെയെുളള നടപടികള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്‌ചയോടെ പരിശീലനം അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here