ജോലിയ്ക്ക് കയറിയപ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ 500 രൂപ തിരികെ ലഭിക്കാനായി ഹൈക്കോടതിയെ സമീപിച്ച് മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ. പശ്ചിമ ബംഗാളിലെ ബരസത് സ്വദേശിയായ രാമകൃഷ്ണ ചാറ്റർജിയാണ് (77) കഴിഞ്ഞ 17 വർഷമായി ഡെപ്പോസിറ്റ് തുകയ്ക്കായി പോരാടുന്നത്. നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമില്ലാതായപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയെയും ചാറ്റർജി സമീപിച്ചിരുന്നു. എന്നിട്ടും പരിഹാരം ലഭിക്കാത്തതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ എത്തിയത്.
1968 ജൂൺ നാലിനാണ് ചാറ്റർജി ഡാർജിലിംഗിൽ വനം വകുപ്പിൽ ജോലിക്ക് കയറുന്നത്. അന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 500 രൂപ ശമ്പളത്തിൽ നിന്നും പിടിച്ചുവെന്നും വിരമിച്ച ശേഷം തൊഴിൽ കാലയളവ് കണക്കാക്കി പലിശ ഉൾപ്പെടെ പോസ്റ്റ് ഓഫീസ് വഴി ഈ പണം തിരികെ ലഭിക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെയും തനിക്ക്പണം ലഭിച്ചില്ലെന്നും ചാറ്റർജി പറയുന്നു.
ബാങ്കുറ, കാലിംപോങ് എന്നിവിടങ്ങളിലും ജോലി ചെയ്ത ചാറ്റർജി നോർത്ത് 24 പർഗാനയിലെ റേഞ്ച് ഓഫീസിൽ നിന്നും 2007 ലാണ് വിരമിച്ചത്. ഇത്ര വർഷക്കാലമായി താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ വളരെ വലുതാണെന്നും സംസ്ഥാന സർക്കാരിന്റെ മനോഭാവത്തിനെതിരെ താൻ അവസാനം വരെ പോരാടുമെന്നും ചാറ്റർജി പറയുന്നു.
സെക്യൂരിറ്റി ഡെപ്പോസിറ്റായ 500 രൂപ അതിന്റെ പലിശയുൾപ്പെടെ 3000 രൂപയോളമായിട്ടുണ്ടാകുമെങ്കിലും തന്റെ അഭിഭാഷകനായി മാത്രം 6000 രൂപ ചാറ്റർജിക്ക് ചെലവായിട്ടുണ്ട്. എന്നിട്ടും പ്രതികൂലമായ സാഹചര്യങ്ങളെയും ആരോഗ്യത്തെയും അവഗണിച്ചും തന്റെ പണം തിരികെ ലഭിക്കാനായി അദ്ദേഹം ഇപ്പോഴും സർക്കാർ ഓഫീസുകളും പോസ്റ്റ് ഓഫീസും കയറിയിറങ്ങുകയാണ്.