കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വസ്തുതകള്‍ മനസിലാക്കാതെയും ചിലപ്പോള്‍ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചും ആളുകള്‍ കേരളത്തെ അപമാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് മരണനിരക്കിലുണ്ടായ കുറവ്. മെയ് മാസത്തില്‍ മരണനിരക്ക് 0.77 ശതമാനമായിരുന്നു. ജൂണില്‍ 0.45 ആയി കുറഞ്ഞു. ആഗസ്റ്റില്‍ 0.4 ആയി. സെപ്തംബറില്‍ 0.38 ആയി. ഒക്ടോബറില്‍ ഇതുവരെ മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാന്‍ സാധിക്കുന്നത് അഭിമാനര്‍ഹമായ നേട്ടമാണ്.ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെട്ടത്. അല്ലാതെ പ്രശസ്തിക്കും ബഹുമതിക്കുമായി ആരുടെയും പിന്നാലെ പോയിട്ടില്ല. അപേക്ഷയും കൊടുത്തിട്ടില്ല. നമ്മുടെ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് കിട്ടിയ അംഗീകാരങ്ങള്‍. എന്നാല്‍ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകള്‍ മനസിലാക്കാതെയും ചിലപ്പോള്‍ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.
ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ആദ്യഘട്ടത്തില്‍ രോഗബാധിതര്‍ മരണപ്പെടാതെയും കൂടുതല്‍ വ്യാപനം ഇല്ലാതെയും നാം മഹാമാരിയെ തടഞ്ഞു. ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായപ്പോഴും ജനസാന്ദ്രതയുള്ള കേരളത്തിന് കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്താനായി. രാജ്യത്ത് ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. മറ്റാരെക്കാളും പൊതുപ്രചാരണവും ബോധവത്കരണവും നടത്തി. ബ്രേക്ക് ദി ചെയിന്‍, ലോക് ഡൗണ്‍ ഉള്‍പ്പെടെ പ്രഖ്യാപനങ്ങളും കേരളമാണ് ആദ്യം കൊണ്ടുവന്നത്. ഓണക്കാലത്ത് ഇതിനെല്ലാം ഇളവുകള്‍ നല്‍കിയെന്നത് തെറ്റായ കാര്യമാണ്. മറ്റു ആഘോഷങ്ങള്‍ക്ക് എന്ന പോലെ ചെറിയ ഇളവുകളാണ് നല്‍കിയത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശന നിയന്ത്രണങ്ങളും തുടര്‍ന്നു. കടകളില്‍ പ്രവേശിപ്പിക്കേണ്ട ഉപഭോക്താക്കളുടെ എണ്ണം പോലും പരിമിതപ്പെടുത്തി. രാത്രി 9 മണിവരെ മാത്രമായിരുന്നു പ്രവര്‍ത്തനാനുമതി. മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചു.
കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ കൂട്ടംകൂടിയുള്ള ഓണഘോഷം പാടില്ലെന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. ജനം അത് പാലിച്ചു. കൂട്ടംകൂടിയുള്ള ഒരു ആഘോഷവും ഓണക്കാലത്ത് ഉണ്ടായിരുന്നില്ല. എല്ലാവരും വീടുകളില്‍ തന്നെയാണ് ഓണം ആഘോഷിച്ചത്. പൊലീസും ജാഗ്രത പാലിച്ചിരുന്നു. നിയന്ത്രണം ലംഘിച്ചതിന് 2603 കേസെടുത്തു. 1279 അറസ്റ്റുകളും രേഖപ്പെടുത്തി. 137 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തിരുവോണ ദിവസമായ ആഗസ്റ്റ് 31ന് 1996 കേസുകളും 1019 അറസ്റ്റും രേഖപ്പെടുത്തി 94 വാഹനങ്ങളും പിടിച്ചെടുത്തു. അവിട്ടം ദിനമായ സെപ്റ്റംബര്‍ ഒന്നിന് 1198 കേസെടുത്തു. 62 വാഹനങ്ങള്‍ പിടിച്ചെടുത്തു. 655 പേര്‍ അന്ന് അറസ്റ്റിലായി. സെപ്റ്റംബര്‍ ണ്ടിന് നിയന്ത്രണം ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്തു. 1612 കേസെടുത്തു. 92 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഓണക്കാലത്തെ നിയന്ത്രണം എത്രത്തോളം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ പരിശോധിച്ചാല്‍ കേരളം രാജ്യത്തിനാകെ മാതൃകയാണ്. രാജ്യത്ത് പലയിടത്തും ആഘോഷങ്ങളുടെ നാളുകളാണ് വരുന്നത്. അപ്പോഴെല്ലാം കേരളം സ്വീകരിച്ച പ്രതിരോധ നടപടികള്‍ മാതൃകയാക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.