മുസ്‌ലിം സമുദായത്തിന്റെ ഇടയില്‍ നിലനിന്നിരുന്ന മുത്തലാഖ് നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ മുസ്‌ലിം വനിത സൈറ ബാനു ബി.ജെ.പിയില്‍ ചേര്‍ന്നു. സൈറ ബാനു ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി ഉത്തരാഖണ്ഡ് നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
‘മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറ ബാനു ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നു. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം ആണ് സ്വീകരിച്ചത്’ ബി.ജെ.പി ഉത്തരാഖണ്ഡ് ഘടകം ട്വിറ്ററിലൂടെ അറിയിച്ചു.
ഭര്‍ത്താവ് മുത്തലാഖിലൂടെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സൈറ ബാനു 2016-ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിന്ന് മുത്തലാഖ് നിയമം പൂര്‍ണമായും എടുത്ത് കളയണം എന്നായിരുന്നു ബാനു സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.തന്റെ 15 വര്‍ഷത്തെ വിവാഹ ജീവിതം മിനുട്ടുകള്‍കൊണ്ട് മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ഇവര്‍ ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്.