ഷില്ലോങ്: ‘ഖത്തറിൽ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലെ ഷില്ലോങിൽ നടത്തിയ പ്രസംഗത്തിലാണ് ലോകകപ്പ് സ്വപ്‌നം പ്രധാനമന്ത്രി പങ്കുവെച്ചത്. രാജ്യത്തെ യുവാക്കളിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും ത്രിവർണ പതാകയ്ക്കായി ഇന്ത്യൻ ജനത അന്ന് ആർത്തുവിളിക്കുമെന്നും അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും മോദി പറഞ്ഞു. മേഘാലയയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു മോദിയുടെ സ്വപ്‌നം പങ്കുവച്ചത്.
‘രാജ്യം ഫുട്‌ബോൾ ആവേശത്തില്‍ മുഴുകിയിരിക്കുമ്പോൾ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. നമ്മളിപ്പോൾ ഖത്തറിലെ ലോകകപ്പ് ആവേശത്തിലാണ്. അവിടെ കളിക്കുന്ന വിദേശ ടീമുകളെ നാം ഉറ്റുനോക്കുന്നു. അങ്ങനെയൊരു ദിനം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴിൽ ജനം ആർത്തുല്ലസിക്കുമെന്നും’ മോദി പറഞ്ഞു. ആരെങ്കിലും സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് എതിരായി നിന്നാൽ നമുക്ക് അവരെ ചുവപ്പ് കാർഡ് കാണിച്ചുപുറത്താക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി, വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിരവധി തടസ്സങ്ങള്‍ക്ക് തങ്ങള്‍ ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.
‘കേന്ദ്രസർക്കാർ മുൻഗണനകളിൽ മാറ്റം വരുത്തിയപ്പോൾ അതിന്റെ ഗുണപരമായ സ്വാധീനം രാജ്യത്തുടനീളം ദൃശ്യമായി. ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്രം 7 ലക്ഷം കോടി രൂപ ചെലവഴിക്കുന്നത്. 8 വർഷം മുമ്പ്, ഇത് 2 ലക്ഷം കോടി രൂപയിൽ താഴെമാത്രമായിരുന്നെന്നും’ മോദി പറഞ്ഞു.
‘അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം, അക്രമം, പദ്ധതികള്‍ സ്തംഭിപ്പിക്കല്‍, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഇല്ലാതാക്കാനും ഞങ്ങള്‍ പലവിധ ശ്രമങ്ങളും നടത്തി വരുന്നു. എന്നാല്‍ ഈ രോഗങ്ങളുടെ വേരുകള്‍ ആഴത്തില്‍ പരന്നുകിടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നാമെല്ലാവരും ഒരുമിച്ച് അതിനെ വേരോടെ പിഴുതെറിയണമെന്നും’ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.