അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന ഹര്‍ജിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് എസ്.പിയോട് ആവശ്യപ്പെട്ടത്.
എം.എല്‍.എ എന്ന നിലയില്‍ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്ബാദ്യമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിവിധ ജില്ലകളിലായി എംഎല്‍എ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ ശമ്ബളമില്ലാത്ത എം.എല്‍.എ എന്ന നിലയില്‍ തുടരുമ്ബോഴും ഷാജിയുടെ സമ്ബാദ്യത്തിന് കുറവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് എസ്.പിയോട് ആവശ്യപ്പെട്ടു.
അതിനിടെ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു സീറ്റ് അനുവദിക്കാന്‍ കെ.എം.ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുകയാണ്. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ഭാര്യയുടെ പേരില്‍ വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടവും ഇ.ഡി തേടിയിട്ടുണ്ട്. ഷാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, ബാങ്ക് ഇടപാടുകളും ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഷാജിക്കെതിരായ കോഴ ആരോപണത്തില്‍ നേരത്തെ മുസ്ലീം ലീഗ് നേതാക്കളെയും സ്‌കൂള്‍ അധികൃതരുടേയും മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ കെ.എം.ഷാജിയെ നാളെയാണ് ഇ.ഡി ചോദ്യം ചെയ്യുക.