രണ്ടാം ശ്രമത്തിൽ ഒന്നാം റാങ്ക്: നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും ആര്യ.

0
83

കോഴിക്കോട്:നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ൽ 711 മാർക്ക് നേടിയാണ് ആര്യ കേരളത്തിൽ ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലാണ് ആര്യയുടെ നേട്ടം. ദേശീയതലത്തിൽ 23–ാം റാങ്ക് ആണ് ആര്യയ്ക്ക്. ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്.  ആദ്യ  നീറ്റ് പരീക്ഷയ്ക്ക് കാര്യമായ ഫോക്കസില്ലാതെയായിരുന്നു പഠിച്ചിരുന്നത്. ഈ വർഷം പാലാ ബ്രില്യൻസിലെ പരിശീലനത്തിനൊപ്പം ഡോക്റ്ററാകണമെന്ന അതിയായ ആഗ്രഹവും ചേർന്നപ്പോൾ ആര്യ തീവ്രമായ പരിശ്രമത്തിലായിരുന്നു.

ഒടുവിൽ ഫലം വന്നപ്പോൾ തൻ്റെ ആഗ്രഹം സഫലമായതിൻ്റെ സന്തോഷത്തിലാണ് ആര്യ. താമരശ്ശേരി അൽഫോൻസ സീനിയർ സെക്കൻ്ററി സ്കൂളിലായിരുന്നു ആര്യയുടെ ആ പഠനം. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ആര്യ നർത്തകിയും ഗായികയുമാണ്. സഹോദയ സ്കൂൾ കലോത്സവത്തിന് മോഹനിയാട്ടത്തിൽ വിജയം നേടിയിട്ടുണ്ട്. താമരശ്ശേരി തൂവക്കുന്നുമ്മൽ രമേഷ് ബാബു (എസ്.എസ്.ബി. എസ്.ഐ. താമരശ്ശേരി)വിൻ്റെയും ഷൈമയുടെയും മകളാണ്. ചേളന്നൂർ എസ്.എൻ. കോളേജിലെ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി അർച്ചന സഹോദരിയാണ്.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് നേടി. 720 മാർക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്നാട് സ്വദേശികൾ. പരീക്ഷയെഴുതിയ 133450 മലയാളികളിൽ 75362 പേർ യോഗ്യത നേടി.

LEAVE A REPLY

Please enter your comment!
Please enter your name here