കോവിഡ് മഹാമാരിയുടെ സമയം തനിക്ക് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ലെന്ന കുറ്റസമ്മതവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരേഡില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.
തന്റെ സംഭാഷണത്തില്‍ രാജ്യത്തെ ജനങ്ങളോട് ക്ഷമാപണം നടത്തുന്നതിനിടെ അദ്ദേഹം വികാരാധീനനായി കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ജനത തന്നിലേല്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് നില്‍ക്കാനായില്ലെന്ന പറഞ്ഞ കിം കണ്ണട ഊരി തന്റെ കണ്ണുകള്‍ തുടയ്ക്കുന്ന ദൃശ്യം അല്‍ജസീറയും പുറത്ത് വിട്ടു. കിമ്മിന്റെ പ്രസംഗം കേട്ടുനിന്ന സൈനികരും ജനങ്ങളും കരയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.തന്റെ സംഭാഷണത്തില്‍ പൂര്‍വപിതാമഹന്‍മാര്‍ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകത്തേക്കുറിച്ചും കിം പറഞ്ഞു. ലോകമാകെയുള്ള ജനങ്ങള്‍ കൊവിഡ് മൂലം വലയുകയാണെന്നും ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും കിം പറഞ്ഞതായാണ് വിവരം.