വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 38 റൺസ് നേടി പുറത്താവാതെ നിന്ന കൃഷ്ണ പ്രസാദ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച കേരളം ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്തി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തിന് രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും ചേർന്ന് മികച്ച തുടക്കം നൽകി. രോഹൻ ആക്രമിച്ചുകളിച്ചപ്പോൽ കൃഷ്ണ പ്രസാദ് ക്രീസിൽ ഉറച്ചുനിന്നു. 38 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 18 പന്തിൽ 25 റൺസ് നേടി രോഹൻ മടങ്ങി. പിന്നീട് അജ്നാസ് പിഎം (10), സൽമാൻ നിസാർ (2) എന്നിവരെ വേഗം നഷ്ടമായെങ്കിലും ഉറച്ചുനിന്ന കൃഷ്ണ പ്രസാദ് കേരളത്തെ വിജയത്തിലെത്തിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനും നോട്ടൗട്ടാണ്.
അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ, മിധുൻ എസ് എന്നിവർ കേരളത്തിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരത്തിൽ ഒരു ഓവർ എറിഞ്ഞത് കൗതുകമായി. ഓവറിൽ 3 റൺസാണ് സഞ്ജു വിട്ടുകൊടുത്തത്. 18 റൺസ് നേടിയ അങ്കുർ ആണ് സിക്കിമിൻ്റെ ടോപ്പ് സ്കോറർ.